ചെന്നൈ: വണ്ണിയാര്‍ സമൂഹത്തിന് സംവരണം ആവശ്യപ്പെട്ട് പാട്ടാളി മക്കള്‍ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭം അക്രമാസക്‌തമായി. ഇരുന്നൂറിലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. പെറുങ്കലത്തൂരിലെ ജിഎസ്ടി റോഡിൽ നടത്തിയ പ്രതിഷേധത്തില്‍ ഒരു മണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു.
പാട്ടാളി മക്കള്‍ പാര്‍ട്ടിയുടെ സംവരണ പ്രക്ഷോഭം അക്രമാസക്തമായി - സംവരണ പ്രക്ഷോഭം
സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളിലും വണ്ണിയാർ സമുദായത്തിന് 20 ശതമാനം സംവരണം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പ്രതിഷേധക്കാർ ട്രെയിൻ തടയുകയും, തിരുവനന്തപുരത്ത് നിന്നെത്തിയ അനന്തപുരി എക്സ്പ്രസിന് കല്ലെറിയുകയും ചെയ്തു. ഗതാഗതക്കുരുക്ക് തുടരുന്നതിനിടെ പെറുങ്കലത്തൂരിനടുത്ത് റോഡിൽ ആംബുലൻസുകൾ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് പൊലീസ് നടപടി.
സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളിലും വണ്ണിയാർ സമുദായത്തിന് 20 ശതമാനം സംവരണം വേണമെന്നാവശ്യപ്പെട്ടാണ് അൻപുമണി രാമദാസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഗുജറാത്തിലെ പട്ടേൽ പ്രക്ഷോഭത്തിനും രാജസ്ഥാനിലെ ഗുജ്ജാർ പ്രക്ഷോഭങ്ങൾക്കും സമാനമായി കടുത്ത പ്രതിഷേധം നടത്തുമെന്ന് രാമദാസ് തമിഴ്‌നാട് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.