ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ വിശദീകരിക്കണമെന്ന് കേണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ച് കടന്നിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരെയാണ് അദ്ദേഹം രംഗത്ത് വന്നത്. പാര്‍ലമെന്‍റ് ചര്‍ച്ചകള്‍ക്കുള്ള വേദിയാണ്. അവിടെ വന്ന് പോകാനുള്ള സ്ഥലമല്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി വിഷയം ചര്‍ച്ച ചെയ്യണം. പ്രധാനമന്ത്രിയുടെ പ്രസ്താവന വഴി വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശീതകാല സമ്മേളനത്തില്‍ അതിര്‍ത്തി തര്‍ക്കം വിശദീകരിക്കണമെന്ന് ജയറാം രമേശ് - ജയറാം രമേശ്
അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ച് കടന്നിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരെയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത് വന്നത്
1962ലെ ഇന്ത്യ-ചൈന യുദ്ധം ഓര്‍മിപ്പിച്ച അദ്ദേഹം അക്കാലത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്‍റില്‍ സ്വീകരിച്ച നിലപാടുകളേയും ഓര്‍മ്മിപ്പിച്ചു. ചൈനയില്‍ നിന്നും തിരിച്ചടി നേരിട്ടതോടെ വാജ്‌പേയ് അടക്കമുള്ള നേതാക്കള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കേട്ട് പ്രധാനമന്ത്രി അന്ന് പാര്‍ലമെന്‍റില്‍ ഇരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എം കെയര്‍ പദ്ധതിയുടെ സുതര്യത സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തണം. പി.എം കെയറിന് ഓഡിറ്റിങ്ങോ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭിക്കാനുള്ള മാര്‍ഗമോ ഇല്ല. പല ചൈനീസ് കമ്പനികളും വന്‍ വ്യവസായികളും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇവ ഏതെല്ലാമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തിക തകര്‍ച്ച, കൊവിഡ്, ഇ.ഐ.എ കരട് വിജ്ഞാപനം, വിമാനത്താവള സ്വകാര്യവല്‍ക്കരണം, പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്കും സാമുഹ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കല്‍, ഇടത്-വലത് നേതാക്കള്‍ക്കെതിരായ ആക്രമണം തുടങ്ങിയ കാര്യങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.