ന്യൂഡല്‍ഹി:രാജ്യത്തെജനങ്ങള്‍ നല്കിയ പിന്തുണക്കും വിശ്വാസത്തിനും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂട്ടായ ശക്തിയും കഴിവും സമാനതകള്‍ ഇല്ലാത്തതെന്ന് ഇന്ത്യക്കാര്‍ തെളിയിച്ചിട്ടുണ്ട്. ജനങ്ങളുടെ മമതയും സജീവ സഹകരണവും പകരുന്നത് പുത്തന്‍ ഊര്‍ജവും പ്രചോദനവുമാണെന്നും മോദി. രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ വേളയില്‍ എഴുതിയ കത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഈ ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു സുവര്‍ണ അധ്യായമാണ് ആരംഭിച്ചത്. നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിനെ വീണ്ടും തെരഞ്ഞെടുത്തത്. ജനങ്ങള്‍ കാട്ടിയ ജനാധിപത്യത്തിന്റെ ശക്തി ലോകത്തിന് തന്നെ വഴിവിളക്കാണെന്നും മോദി കത്തില്‍ കുറിച്ചു.