ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ട്രംപിനെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. തിങ്കളാഴ്‌ച ഉച്ചക്ക് ശേഷമാണ് ട്രംപും ഭാര്യയും പ്രഥമവനിതയുമായ മെലാനിയ ട്രംപും അമേരിക്കന്‍ പ്രതിനിധി സംഘത്തോടൊപ്പം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടുക. ട്രംപിനെയും സംഘത്തെയും വരവേല്‍ക്കാന്‍ ഇന്ത്യ കാത്തിരിക്കുകയാണെന്നും നാളെ അഹമ്മദാബാദില്‍ നടക്കുന്ന ചരിത്രപ്രധാനമായ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുമെന്നത് ബഹുമതിയാണെന്നും മോദി ട്വീറ്റ് ചെയ്‌തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണി ട്രംപിനെ സ്വാഗതം ചെയ്‌ത് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയും മോദി പങ്കുവെച്ചു.
ട്രംപിനെ സ്വാഗതം ചെയ്‌ത് മോദിയുടെ ട്വീറ്റ് - Namaste Trump
ഡൊണാൾഡ് ട്രംപിനെയും സംഘത്തെയും വരവേല്‍ക്കാന്‍ ഇന്ത്യ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
എയര്‍പോര്‍ട്ടില്‍ നിന്നും 22 കിലോമീറ്റര്‍ മോദിക്കൊപ്പം സഞ്ചരിച്ച് മൊട്ടേര സ്റ്റേഡിയത്തിലെത്തുന്ന ട്രംപ് 'നമസ്‌തേ ട്രംപ്' എന്ന പരിപാടിയില്‍ പങ്കെടുക്കും. രാജ്യത്തെ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 28 വേദികൾ ട്രംപ് കടന്നുവരുന്ന പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് കലാകാരന്മാരും പാതക്കിരുവശത്തുമുണ്ടാകും. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മോട്ടേര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന പരിപാടിയിൽ ട്രംപും മോദിയും ജനങ്ങളെ സംയുക്തമായി അഭിസംബോധന ചെയ്യും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടെക്‌സാസിലെ ഹൂസ്റ്റണിൽ ഇരുനേതാക്കളും പങ്കെടുത്ത പരിപാടിയായ 'ഹൗഡി മോദി'ക്ക് സമാനമായിരിക്കും പരിപാടി. പരിപാടിക്ക് ശേഷം ട്രംപ് താജ്‌മഹല്‍ കാണാനായി ആഗ്രയിലേക്ക് പുറപ്പെടും. അതിന് ശേഷമായിരിക്കും ട്രംപിന്‍റെ ഡല്‍ഹി യാത്ര.