ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളില്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലെത്തി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ വിമാനത്താവളത്തില്‍ വച്ച് സ്വീകരിച്ചു. ആകാശ നിരീക്ഷണം നടത്തിയ ശേഷം അദ്ദേഹം അവലോകന യോഗത്തില്‍ പങ്കെടുക്കും. ഉച്ചയോടെ അദ്ദേഹം ഒഡീഷയിലേക്ക് തിരിക്കും.
ഉംപുന്‍; പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെത്തി - പ്രധാനമന്ത്രി ഉംപുന്‍ ട്വീറ്റ്
പശ്ചിമ ബംഗാളില്‍ ആകാശ നിരീക്ഷണം നടത്തിയ ശേഷം നരേന്ദ്ര മോദി ഉച്ചക്ക് ഒഡീഷയിലേക്ക് തിരിക്കും
പ്രധാനമന്ത്രി ഇരുസംസ്ഥാനങ്ങളിലേയും സ്ഥിതിഗതികള്‍ വിലയിരുത്തി ദുരിതാശ്വാസവും പുനഃരധിവാസവും ചര്‍ച്ച ചെയ്യും. മാര്‍ച്ച് 25ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മോദി ഡല്‍ഹിക്ക് പുറത്തേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. നേരത്തേ രാജ്യത്തെ മുഴുവന്‍ ജനങ്ങളും പശ്ചിമ ബംഗാളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒപ്പമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇവരെ സഹായിക്കുന്നതിനുള്ള ഒരു അവസരവും പാഴാക്കില്ലെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
പശ്ചിമ ബംഗാളിൽ ഉംപുന്‍ ചുഴലിക്കാറ്റില്‍ 72 പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ ഭവനരഹിതരാകുകയും ചെയ്തു. ഒഡീഷയിലെ തീരദേശ ജില്ലകളിലെ വൈദ്യുതി- ടെലികോം സൗകര്യങ്ങള്‍ തകരാറിലായി. തീവ്രത കുറഞ്ഞ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് ദിശമാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.