ന്യൂഡൽഹി: വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന 15-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ (ഇ.യു) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പങ്കെടുക്കും. വൈകുന്നേരം 4. 30 നാണ് ഉച്ചകോടി നടക്കുക. യൂറോപ്പുമായുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധത്തെ ഉച്ചകോടി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കരുതുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിൽ പങ്കെടുക്കും - Bilateral Trade
യൂറോപ്പുമായുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധത്തെ ഉച്ചകോടി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കരുതുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
ഉച്ചകോടിയുടെ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ചാൾസ് മൈക്കലും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി വിപുലമായ ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. യൂറോപ്യൻ യൂണിയൻ-ഇന്ത്യ വാണിജ്യ-നിക്ഷേപ കരാർ (ബിടിഐഎ) എന്നറിയപ്പെടുന്ന ദീർഘകാലമായി നിലനിൽക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള വഴി കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം, രാഷ്ട്രീയ-സുരക്ഷാ ബന്ധങ്ങൾ, വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സഹകരണം ഉച്ചകോടി അവലോകനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ്, സമകാലിക ആഗോള താൽപ്പര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഉച്ചകോടിയിൽ ചർച്ചചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 14-ാമത് ഇന്ത്യ-ഇ.യു ഉച്ചകോടി 2017 ഒക്ടോബർ ആറിന് ഡൽഹിയിൽ നടന്നിരുന്നു. 15-ാമത് ഉച്ചകോടിക്ക് പ്രധാനമന്ത്രി മോദി മാർച്ചിൽ ബ്രസൽസ് സന്ദർശിക്കാനിരിക്കുകയായിരുന്നു. കൊവിഡിനെ തുടർന്ന് അദ്ദേഹം സന്ദർശനം റദ്ദാക്കി.