ന്യൂഡല്‍ഹി: ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട സല്‍മാൻ എന്ന ഭിന്നശേഷിക്കാരനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റോഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ സല്‍മാന്‍റെ വിജയ കഥയെ മോദി പ്രശംസിച്ചത്.
മാതൃകയാക്കാം ഈ ഭിന്നശേഷിക്കാരനെ; 'മൻ കി ബാതില്‍' താരമായി സല്‍മാൻ
സ്വന്തം സ്ഥാപനത്തില്‍ മുപ്പതോളം ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്‍കുകയും ജോലി നല്‍കുകയും ചെയ്യുന്നുണ്ട് ഉത്തര്‍പ്രദേശുകാരനായ സല്‍മാൻ
"മൊറാദാബാദിലെ ഹാമിർപൂർ ഗ്രാമത്തിൽ താമസിക്കുന്ന സൽമാൻ എന്ന ഭിന്നശേഷിക്കാരന്‍റെ കഥ ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. ഇദ്ദേഹം സ്വന്തം ഗ്രാമത്തില്‍ സോപ്പും ചെരുപ്പും നിര്‍മിക്കുന്ന ചെറുകിട വ്യവസായിയാണ്. തന്‍റെ ശാരീരിക വെല്ലുവിളികളെ സധൈര്യം നേരിട്ട യുവസംരംഭകനാണ് അദ്ദേഹം. സ്വന്തം സ്ഥാപനത്തില്‍ മുപ്പതോളം ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്‍കുകയും ജോലി നല്‍കുകയും ചെയ്യുന്നുണ്ട്. ഈ വർഷം 100 പേരെ കൂടി പുതുതായി നിയമിക്കാനും സൽമാൻ തീരുമാനിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ ധൈര്യത്തെയും സംരംഭകത്വത്തെയും ഞാൻ അഭിനന്ദിക്കുന്നു"- മോദി പറഞ്ഞു.
മൻ കി ബാത്തില്‍ പ്രധാനമന്ത്രി തന്നെ പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തതിന്‍റെ സന്തോഷത്തിലാണ് സല്‍മാൻ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരെ കൂടി ഉൾപ്പെടുത്തി തന്‍റെ സംരംഭം വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് സല്‍മാന്‍.