ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പോർച്ചുഗീസ് പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റയുമായി കൊവിഡ് സാഹചര്യങ്ങളെക്കുറിച്ച് വിപുലമായ ചർച്ച നടത്തി. പ്രതിസന്ധി ഘട്ടത്തിൽ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിന് ഇരു നേതാക്കളും പിന്തുണ നൽകുമെന്ന് ഉറപ്പുനൽകി. 'ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും പരസ്‌പരം പിന്തുണയ്ക്കുകയും ചെയ്യണം. പ്രത്യേകിച്ചും ഗവേഷണങ്ങൾ പങ്കുവെക്കുന്നതിലും, മെഡിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിലും രാജ്യങ്ങൾ സഹകരിക്കണം', മോദി ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് പ്രതിസന്ധി മറികടക്കാൻ രാജ്യങ്ങൾ പരസ്‌പരം സഹകരിക്കണമെന്ന് പ്രധാനമന്ത്രി - Antonio Costa
ആരോഗ്യമേഖലയിലും സാമ്പത്തിക മേഖലയിലുമുള്ള ആഘാതം നിയന്ത്രിക്കുന്നതിന് ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പോർച്ചുഗീസ് പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റയുമായി ചർച്ച നടത്തി.
'കൊവിഡിനെതിരെയുള്ള ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ കാഴ്‌ചവെക്കുന്നതിൽ മോദിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. പ്രതിരോധ നടപടികളെക്കുറിച്ച് ഞങ്ങൾ നേരത്തെ തന്നെ ചർച്ച ചെയ്‌തിരുന്നു,' കോസ്റ്റ മറുപടി നൽകി. ആരോഗ്യമേഖലയിലും സാമ്പത്തിക മേഖലയിലുമുള്ള ആഘാതം നിയന്ത്രിക്കുന്നതിന് ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്‌തു. പ്രതിസന്ധി നേരിടാൻ പരസ്‌പരം സാധ്യമായ എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്യുകയും, കൊവിഡ് ഗവേഷണ പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്നും ഇരുനേതാക്കളും ഉറപ്പ് നൽകി. ലോക്ക് ഡൗൺ കാരണം മടങ്ങാൻ കഴിയാത്ത ഇന്ത്യൻ പൗരന്മാരുടെ വിസകളുടെ കാലാവധി നീട്ടിയതിന് മോദി അന്‍റോണിയോ കോസ്റ്റക്ക് നന്ദി അറിയിച്ചു.