ന്യൂഡല്‍ഹി:ലോകോത്തര നിലവാരമുള്ള തദ്ദേശീയമായ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് ആശയങ്ങൾ തേടി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 'ആത്മ നിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ച്' പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ലോകോത്തര നിലവാരത്തിലുള്ള ആപ്പുകൾ സൃഷ്‌ടിക്കാൻ രാജ്യത്തിന്‍റെ യുവത്വത്തെയും സ്റ്റാര്‍ട്ട് അപ്പുകളേയും സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷൻ ചാലഞ്ച് പരിപാടിക്ക് തുടക്കം - മോദി
ലോകോത്തര നിലവാരത്തിലുള്ള ആപ്പുകൾ സൃഷ്‌ടിക്കാൻ രാജ്യത്തിന്‍റെ യുവത്വത്തെയും സ്റ്റാര്‍ട്ട് അപ്പുകളേയും സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇ-ലേര്‍ണിങ്, ആരോഗ്യം, വാര്‍ത്ത, വിനോദ് തുടങ്ങി എട്ട് മേഖലകളില്‍ ആപ്പ് വികസിപ്പിക്കുന്നതിനുള്ള ആശയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തേടുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവ മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കും. ആശയങ്ങൾ ഇതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ലിങ്ക്ഡ് ഇൻ പോസ്റ്റിന് കീഴില്‍ പങ്കുവെക്കണം. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്‍റെയും അറ്റൽ ഇന്നൊവേഷൻ മിഷന്‍റയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള ആപ്ലിക്കേഷനുകളുടെ പ്രമോഷൻ, പുതിയ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുക എന്നിങ്ങനെ രണ്ട് ട്രാക്കുകളായാണ് പദ്ധതി നടപ്പാക്കുക. 59 ചൈനീസ് ആപ്പുകൾ ഇന്ത്യയില്‍ നിരോധിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആപ്പ് ഇന്നൊവേഷൻ ചാലഞ്ച് പരിപാടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.