ന്യൂഡല്‍ഹി: ആദ്യം ഗുജറാത്ത് മുഖ്യമന്ത്രി പിന്നാലെ രാജ്യത്തിന്‍റെ പ്രധാനമന്ത്രി. നരേന്ദ്ര ദാമോദര്‍ ദാസ് എന്ന നേതാവ് കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയിലെ സുപ്രധാന ഭരണനിയന്ത്രണ കസേരയിലുണ്ട്. മോദിയുടെ 'അധികാരജീവിതം' ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. 2002, 2007, 2012 എന്നീ വര്‍ഷങ്ങളില്‍ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി അറിയാതെ ജയിച്ചുകയറിയ മോദി മൂന്ന് തവണയും സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി കസേരയിലും ഇരുന്നു. തുടര്‍ച്ചയായ മൂന്നാം വട്ടവും ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായി തുടര്‍ന്ന മോദി സംസ്ഥാനത്തിന് പുറത്തേക്കും തന്‍റെ വ്യക്തിപ്രഭാവം വളര്‍ത്തിയെടുത്തു. അതിന്‍റെ തെളിവായിരുന്നു 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി ആണ് ദേശീയ ജനാധിപത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന് പ്രഖ്യാപിക്കാൻ 2013 ല്‍ തന്നെ ബിജെപി ആത്മവിശ്വാസം കാണിച്ചത്.
കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിച്ച യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്തി കേന്ദ്രത്തില്‍ എൻഡിഎ അധികാരം പിടിച്ചെടുത്തപ്പോള്‍ മോദി ഗുജറാത്ത് വിട്ട് ഡല്‍ഹിയിലേക്ക് ചേക്കേറി. ആ തട്ടകം മാറ്റത്തിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല. 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും എൻഡിഎയുടെ മുഖം മോദി തന്നെയായിരുന്നു. ഫലവും മറ്റൊന്നായിരുന്നില്ല. 2014ന്‍റെ തനിയാവര്‍ത്തനം. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു.
"ആദ്യ മോദി സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമിച്ചപ്പോൾ രണ്ടാം മോദി സർക്കാർ 130 കോടി ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തികരിക്കാനാണ് ശ്രമിക്കുന്നത്. ആര്‍ട്ടിക്കില്‍ 370 ചരിത്രത്തിന്‍റെ ഭാഗമായതോടെ ജമ്മു കശ്‌മീര്‍ പൂര്‍ണമായും ഇന്ത്യയുടേതായി. ശ്രീരാമന്‍റെ ജന്മസ്ഥാനത്തു തന്നെ രാമന് ക്ഷേത്രം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണ്. നമ്മുടെ കൃഷിക്കാർ അവരുടെ മേൽ അടിച്ചേൽപ്പിച്ച ചങ്ങലകളിൽ നിന്ന് മോചിതരായി, കാര്‍ഷിക മേഖലയില്‍ ചരിത്രപരമായ പരിഷ്കാരങ്ങൾ ഇന്ന് യാഥാർഥ്യമാണ്. തൊഴിൽ മേഖലയിലെ പരിഷ്കാരങ്ങൾ, ബഹിരാകാശ മേഖലയിൽ സ്വകാര്യ സംരംഭങ്ങളെ അനുവദിക്കുക, വിദേശ നിക്ഷേപ വ്യവസ്ഥകളിലെ പരിഷ്കാരങ്ങൾ, നികുതി പരിഷ്കാരങ്ങൾ എന്നിവ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറയിട്ടു." - പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഷെയർ ചെയ്‌ത ഒരു ലേഖനത്തില്‍ പറയുന്നു.