കർഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ നേരിട്ട് നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉത്തർ പ്രദേശിലെ ഗോരഖ്പൂരിൽ വച്ച് നടന്ന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് മൂന്ന് തവണകളായാണ് ആറായിരം രൂപ നൽകുന്നത്. പദ്ധതി നടത്തിപ്പിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുതെന്ന് സംസ്ഥാന സർക്കാരുകളോടായി പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ച് കർഷകരെ വഞ്ചിച്ചാൽ അവരുടെ ശാപം രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യുമെന്നും മോദി കൂട്ടിച്ചേർത്തു.
കിസാൻ സമ്മാൻ നിധി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു - kisan samman nidhi
ആദ്യ ഇൻസ്റ്റാൾമെന്‍റായ രണ്ടായിരം രൂപ ഏതാണ്ട് ഒരു കോടി കർഷകർക്ക് ഡിജിറ്റലായി നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 12 ലക്ഷം പേരാണ് ഇതുവരെ അപേക്ഷിച്ചത്.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് സംസ്ഥാനത്ത് നിന്ന് ഇതുവരെ അപേക്ഷിച്ചത് 12 ലക്ഷം പേരാണ്. അപേക്ഷ സ്വീകരിക്കാൻ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്തെ കൃഷി ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാൻ എത്തുന്നവരുടെ തിരക്കിന് കുറവില്ല. ആറായിരം രൂപ മൂന്ന് ഗഡുക്കളായി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് പണം ലഭിക്കുക. ആദ്യ ഗഡു ലഭിക്കാൻ മാർച്ച് 31-ന് മുമ്പ്അപേക്ഷിക്കണം.
ചടങ്ങുകൾക്കു ശേഷം യോഗി ആദിത്യനാഥിന്‍റെ ജന്മനാടായ ഗോരഖ്‍പൂരിൽ നടക്കുന്ന കിസാൻ സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ചില വികസനപദ്ധതികൾക്ക് തറക്കല്ലിട്ട ശേഷം മോദി പ്രയാഗ് രാജിലേക്ക് പോകും.കുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം വൈകിട്ട് 4.40-ഓടെ മോദി ഡൽഹിക്ക് തിരിക്കും.