അമരാവതി (മഹാരാഷ്ട്ര):പ്ലാസ്റ്റിക് പല മേഖലകളിലും വലിയ ഭീഷണിയാകുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് വീടുകള്‍ നിര്‍മിക്കാമെന്ന ആശയം മുന്നോട്ടുവെക്കുകയാണ് അമരാവതി രാജുര നിവാസി നിതിന്‍ ഉജ്ഗോങ്കര്‍. പ്ലാസ്റ്റിക് പ്രശ്നത്തിന് പരിഹാരമായി 20,000 ത്തിലധികം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ഉജ്ഗോവകര്‍ നിര്‍മിച്ച വീട് ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.
ഇഷ്ടിക, മണല്‍, സിമന്‍റ് എന്നിവ കൊണ്ട് നിര്‍മിക്കുന്ന വീടുകള്‍ സര്‍വ സാധാരണമാണ്. എന്നാല്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചുള്ള വീട് നിര്‍മാണം ഇന്ത്യയില്‍ പുതിയ ആശയം തന്നെയാണ്.
സന്ത് ഗാഡ്ജ് ബാബ അമരാവതി യൂണിവേഴ്സിറ്റിക്ക് സമീപം ദസ്തർനഗർ പ്രദേശത്താണ് ഉജ്ഗാവ്കറിന്‍റെ പുതിയ വീട് നിര്‍മാണം. ഭവന നിര്‍മാണത്തിനായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് വിപത്തിനെ നേരിടുന്നതിന് സാധ്യമായ ഏറ്റവും വലിയ പരിഹാരമാണെന്ന് ഉജ്ഗാവ്കർ പറയുന്നു.
നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഉജ്ഗാവ്കർ വിനോദത്തിനായാണ് കെട്ടിട നിര്‍മാണ മേഖലയിലേക്ക് തിരിയുന്നത്. പുതിയതും നൂതനവുമായ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് ഇങ്ങനൊരു ആശയത്തിലേക്ക് എത്തുന്നത്.
ആ തീരുമാനം ഉടലെടുക്കുന്നതിനെക്കുറിച്ച് ഉജ്ഗാവ്കര്‍ പറയുന്നതിങ്ങനെ: ഒരു ദിവസം രാവിലെ നടക്കാൻ പോയപ്പോൾ റോഡരികിൽ പ്ലാസ്റ്റിക് കുപ്പികളുടെ ഒരു കൂമ്പാരം കണ്ടു. ഈ കുപ്പികളുമായി എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിച്ചു? അങ്ങനെയാണ് വീട് പണിയാം എന്ന ആശയം മനസില്‍ വന്നത്.
തുടര്‍ന്ന് പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നുള്ള വീടു നിര്‍മാണം എങ്ങനെയെന്ന് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞു. ഇന്തോനേഷ്യയിലും ദക്ഷിണാഫ്രിക്കയിലും പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് നിർമ്മിച്ച വീടുകളെക്കുറിച്ച് മനസിലാക്കുന്നത് അങ്ങനെയാണ്. സാധാരണ നിർമ്മാണ സാമഗ്രികൾക്കുപകരം പ്ലാസ്റ്റിക്കില്‍ നിന്ന് ഒരു വീട് നിർമ്മിക്കാൻ അങ്ങനെ തീരുമാനമായി. ആശയം നിർമാണത്തൊഴിലാളികളുമായി പങ്കുവെച്ചു. ആദ്യം അവര്‍ ചിരിച്ചു. എന്നാല്‍ ക്രമേണ എല്ലാവര്‍ക്കും വിശ്വാസമായി. തൂണുകൾ ഇഷ്ടികയും സിമന്റും കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ചുവരുകൾ പ്ലാസ്റ്റിക് കുപ്പികളും മണലും ഉപയോഗിച്ചും.
പരമ്പരാഗത വീടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്ലാസ്റ്റിക് വീടുകള്‍ 30 മുതല്‍ 40 ശതമാനം വരെ ചെലവ് ലാഭിക്കുന്നു. രാജ്യത്ത് വർധിച്ചുവരുന്ന പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടാൻ സമീപ ഭാവിയിൽ ഇത് ഏറെ ഉപകാരപ്പെടും.