ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയുണ്ടായ കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പിഞ്ച്ര തോഡ് എന്ന സംഘടനയിലെ ആക്ടിവിസ്റ്റ് നടാഷ നർവാളിനെ ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തു. നേരത്തേ മറ്റൊരു കേസിൽ നടാഷയെയും സുഹൃത്ത് ദേവാങ്കണ കലിതയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇരുവരും മണ്ടോളി ജയിലിലാണ്.
ഡൽഹി കലാപം; പിഞ്ച്ര തോഡ് ആക്ടിവിസ്റ്റുകൾ അറസ്റ്റിൽ - പിംജാറാ തോഡ് ആക്ടിവിസ്റ്റുകൾ അറസ്റ്റിൽ
ജാമിയ മിലിയ വിദ്യാർഥികളായ നടാഷ നർവാൾ, ദേവാങ്കണ കലിത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തി എന്നതിന് നടാഷ നർവാളിനെതിരെയും ദേവാങ്കണ കലിതക്കുമെതിരെ മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത കേസിൽ ഇരുവരെയും പൊലീസ് നേരത്തേയും അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 23ന് ഡല്‍ഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. തുടർന്ന് ഇവർക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിന് പിന്നാലെ മറ്റൊരു കേസിൽ ഇരുവരെയും ക്രൈംബ്രാഞ്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഡൽഹിയിലുടനീളമുള്ള വനിതാ വിദ്യാർഥികളുടെയും വിവിധ കോളജുകളിലെ പൂർവ വിദ്യാർഥികളുടെയും സംഘടനയാണ് പിഞ്ച്ര തോഡ്.