ഭോപ്പാൽ:രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. സച്ചിൻ പൈലറ്റിനോട് പാർട്ടി വിട്ടുപോകരുതെന്നും സിംഗ് ആവശ്യപ്പെട്ടു. കോൺഗ്രസിൽ പൈലറ്റിന് ശോഭനമായ ഭാവിയുണ്ടെന്നും പൈലറ്റ് ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുടർന്ന് ബിജെപിയിലേക്ക് പോകരുതെന്നും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. അശോക് ഗെലോട്ട് സർക്കാരിനെതിരായ പൈലറ്റിന്‍റെ തുറന്ന പോരിനെത്തുടർന്നാണ് ദിഗ്‌വിജയ സിംഗിന്‍റെ പരാമർശങ്ങൾ.
കുതിരക്കച്ചവടത്തിൽ ഏർപ്പെട്ട് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസിനെതിരെ ബിജെപി നടത്തുന്നത്. രാജസ്ഥാനിലെ പ്രതിസന്ധികളുടെ പിന്നിൽ ബിജെപിയാണെന്നും ദിഗ്‌വിജയ സിംഗ് ആരോപിച്ചു.
പൈലറ്റിനെ പല തവണ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചതായും എന്നാൽ തന്‍റെ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി ലഭിച്ചില്ലെന്നും സിംഗ് പറഞ്ഞു. പ്രായം നിങ്ങളുടെ ഭാഗത്താണെന്നും അശോക് ഗെലോട്ട് നിങ്ങളെ വ്രണപ്പെടുത്തിയിരിക്കാമെന്നും പക്ഷേ അത്തരം പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കപ്പെടുമെന്നും സിന്ധ്യ ചെയ്ത തെറ്റ് ചെയ്യരുതെന്നും ബിജെപി വിശ്വസനീയമായ ഒന്നല്ലെന്നും മറ്റേതൊരു പാർട്ടിയിൽ നിന്നും ചേർന്ന ആരും അവിടെ വിജയിച്ച ചരിത്രം ഇല്ലെന്നും സിംഗ് പറഞ്ഞു.
പൈലറ്റ് തന്‍റെ മകനെ മകനെപ്പോലെയാണെന്നും അദ്ദേഹം തന്നെ ബഹുമാനിക്കുന്നതായും താൻ അത് ഇഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ താൻ പൈലറ്റിനെ മൂന്ന് നാല് തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായും സന്ദേശങ്ങൾ അയച്ചതായും അതിനൊന്നും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് താൻ ബന്ധപ്പെടാൻ ശ്രമിച്ചാൽ ഉടൻ പ്രതികരിക്കറുണ്ടായിരുന്നതായും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
അഭിലാഷങ്ങൾ പുലർത്തുന്നത് നല്ലതാണെന്നും അഭിലാഷങ്ങളില്ലാതെ ഒരാൾക്ക് മുന്നോട്ട് പോകാനാൻ ആകില്ലെന്നും പക്ഷേ അഭിലാഷത്തിനൊപ്പം, അവരവരുടെ പ്രസ്ഥാനങ്ങളോട് പ്രതിബദ്ധത ഉണ്ടായിരിക്കണമെന്നും പ്രത്യയശാസ്ത്രം, രാജ്യം എന്നിവയോട് ഒരു വ്യക്തിക്ക് കൂറ് ഉണ്ടായിരിക്കണമെന്നും സിംഗ് പറഞ്ഞു.
സച്ചിൻ പൈലറ്റ് ഒരു പുതിയ പാർട്ടി രൂപീകരിക്കുമെന്ന് താൻ കേട്ടതായും അതിന്‍റെ ആവശ്യകത എന്താണെന്നും കോൺഗ്രസ് അദ്ദേഹത്തിന് ഒന്നും നൽകിയില്ലേ എന്നും സിംഗ് ചോദിച്ചു. 26-ാം വയസിൽ എംപിയും 34-ാം വയസിൽ കേന്ദ്രമന്ത്രിയും 34-ാം വയസിൽ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്‍റും 38-ാം വയസിൽ ഉപ മുഖ്യമന്ത്രിയും ആക്കിയത് കോൺഗ്രസ് ആണെന്നും അദ്ദേഹത്തിന് മറ്റ് എന്താണ് വേണ്ടതെന്നും സമയം പൈലറ്റിന്‍റെ കൈകളിലാണെന്നും സിംഗ് പറഞ്ഞു.
പൈലറ്റിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അത് സംസ്ഥാന പാർട്ടി യൂണിറ്റ് പ്രസിഡന്‍റ് എന്ന നിലയിൽ ഒരു യോഗം വിളിച്ച് ചർച്ച ചെയ്യണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് പൈലറ്റിന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും രാജസ്ഥാന്‍റെ ചുമതലയുമുള്ള അവിനാശ് പാണ്ഡെയിലൂടെ ഗെലോട്ടുമായി ബന്ധപ്പെടാൻ കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ നിയമസഭാംഗങ്ങളിൽ നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ, അവരിൽ 18-19 പേരെ ഹരിയാനയിലെ മനേസറിലെ ഐടിസി ഗ്രാൻഡ് ഹോട്ടലിൽ പാർപ്പിച്ചത് എന്തുകൊണ്ടാണെന്നും സിംഗ് ചോദിച്ചു. മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള എംഎൽഎമാരെ ബിജെപി പാർപ്പിച്ചതും അതേ ഹോട്ടലിൽ തന്നെയാണെന്നും സിംഗ് പറഞ്ഞു.
മുമ്പ് സംഭവിച്ചതെല്ലാം പൈലറ്റ് മറക്കണമെന്നും തിരിച്ചെത്തി കോൺഗ്രസിനെ എങ്ങനെ മികച്ചതാക്കാമെന്ന് ഒന്നിച്ച് ചർച്ച ചെയ്യണമെന്നും ദിഗ്‌വിജയ സിംഗ് ആവശ്യപ്പെട്ടു.