അമരാവതി:പാരവാഡ ഫാർമ കമ്പനിയിലെ തീപിടിത്തത്തിൽ അന്വേഷണ സമിതി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജെഎൻ ഫാർമ സിറ്റിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ തിങ്കളാഴ്‌ച രാത്രി ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ജില്ലാ കലക്‌ടർ വിനയ് ചന്ദാണ് അഞ്ചംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്. കഴിഞ്ഞ ദിവസമാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. അനകപ്പള്ളി സ്വദേശി കെ. ശ്രീനിവാസ് റാവു(40) വാണ് അപകടത്തിൽ മരിച്ചത്. കമ്പനി 35 ലക്ഷവും സംസ്ഥാന സർക്കാർ 15 ലക്ഷവും നഷ്‌ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചു.
ഫാർമ കമ്പനിയിലെ തീപിടിത്തം; അന്വേഷണ സമിതി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു - അന്വേഷണ സമിതി
ജെഎൻ ഫാർമ സിറ്റിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ തിങ്കളാഴ്‌ച രാത്രി ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചിരുന്നു
ഫാക്‌ടറിയുടെ ജോയിന്‍റ് ചീഫ് ഇൻസ്‌പെക്ടര്‍ ശിവശങ്കർ റെഡ്ഡി, മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പരിസ്ഥിതി എഞ്ചിനീയർ സുഭാൻ, ഡിആർഡിഒയിൽ നിന്നുള്ള കെ. കിഷോർ, ജില്ലാ ഫയർ ഓഫീസർ ബിവിഎസ് രാം പ്രകാശ്, ജില്ലാ വ്യവസായ കേന്ദ്ര ജനറൽ മാനേജർ എ. രാമലിംഗേശ്വര രാജു എന്നിവരടങ്ങുന്നതാണ് അന്വേഷണ സമിതി. തീപിടിത്തത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യൂണിറ്റിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
സംഭവം പരവാഡ നിവാസികളിൽ പരിഭ്രാന്തി സൃഷ്‌ടിച്ചു. ജൂൺ 29 ന് സൈനർ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിലെ ഫാർമസ്യൂട്ടിക്കൽ യൂണിറ്റിൽ നിന്നുള്ള വാതക ചോർച്ചയിൽ രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന് രണ്ടാഴ്‌ചക്ക് ശേഷമാണ് അപകടം നടന്നത്. എൽജി പോളിമർ പ്ലാന്‍റിലെ സ്റ്റൈറൈൻ വാതകം ചോർന്നതിന് ഏതാനും മാസങ്ങൾക്കുള്ളിലാണ് ഈ അപകടം നടന്നത്. വാതക ചോർച്ചയിൽ 15 പേർ കൊല്ലപ്പെടുകയും ചുറ്റുമുള്ള ഗ്രാമങ്ങളിലെ അഞ്ഞൂറിലധികം പേരെ ബാധിക്കുകയും ചെയ്‌തു.