ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളുടെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രസിഡന്‍റ് വസീം അഹ്മദുൾപ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചു. ഉത്തര്‍പ്രദേശ് പൊലീസ് തെളിവുകൾ നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ജാമ്യം നല്‍കി വിട്ടയച്ചത്.
സര്‍ക്കാര്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ വ്യക്തമായ തെളിവുകളില്ലാത്തതിനെ തുടര്‍ന്ന് 25 പിഎഫ്ഐ അംഗങ്ങളില്‍ 19 പേര്‍ക്കും ജാമ്യം ലഭിച്ചുവെന്നും വസീം അഹ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസംബര്‍ 23നായിരുന്നു വസീം അഹ്മദ്, ട്രഷറര്‍ നദീം അലി, ഡിവിഷണൽ പ്രസിഡന്‍റ് അഷ്‌ഫാക്ക് എന്നിവരെ ലക്‌നൗ പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രകോപനപരമായ പോസ്റ്ററുകൾ, സിഡികൾ, ബാനറുകൾ എന്നിവ സൂക്ഷിച്ചുവെന്നതായിരുന്നു ഇവർക്കെതിരെ ഉയര്‍ന്ന ആരോപണം. നദീം അലിയുടെയും അഷ്‌ഫാക്കിന്‍റെയും ജാമ്യാപേക്ഷ അടുത്തയാഴ്‌ച പരിഗണിക്കും.