ന്യൂഡല്‍ഹി:പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ സിബിഐ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പൊലീസ് അന്വേഷണം കൃത്യമാണെന്നും ആയിരുന്നു സര്‍ക്കാര്‍ വാദം.
ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. കേസ് സിബിഐക്ക് കൈമാറിയതുകൊണ്ട് പൊലീസിന്‍റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുള്ള രേഖകൾ പൊലീസ് സിബിഐക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
2020 ഓഗസ്റ്റ് 25ന് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാല്‍ കേസ് ഡയറിയോ മറ്റ് രേഖകളോ പൊലീസ് കൈമാറിയിരുന്നില്ല. എഡിജിപിയോടും സിബിഐ ഇതേ ആവശ്യം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തതിനാൽ അന്വേഷണം നടത്താൻ സാധിക്കുന്നില്ലെന്നും അതിനാൽ കേസിന്‍റെ രേഖകൾ കൈമാറാൻ സർക്കാരിനോട് നിർദേശിക്കണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കേസ് രേഖകൾ എത്രയും പെട്ടെന്ന് കൈമാറാൻ സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കൾ നൽകിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. 2019 ഫെബ്രുവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയത്. പ്രദേശത്തെ പെരും കളിയാട്ട ആഘോഷ കമ്മിറ്റിക്ക് ശേഷം ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകും വഴിയായിരുന്നു അക്രമം. കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ഉൾപ്പെടെയുള്ള 14 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്‌ണൻ എന്നിവരുപ്പെടെ പ്രതികളെ സഹായിച്ച കുറ്റത്തിന് പ്രതി ചേർക്കപ്പെട്ടു.
എന്നാൽ സംഭവത്തിന് പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന ആരോപണം തുടക്കം മുതൽ കോൺഗ്രസ് ഉയർത്തിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ പിടിക്കപ്പെട്ടില്ലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബവും പരാതി ഉന്നയിച്ചു. തുടർന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തു. അന്വേഷണം ശരിയായ ദിശയിൽ ആണെന്നും സിബിഐ വരേണ്ടതില്ലെന്നുമുള്ള നിലപാട് ആയിരുന്നു സർക്കാർ സ്വീകരിച്ചത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരെ എത്തിച്ചായിരുന്നു സർക്കാർ വാദിച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിൽ ആണെങ്കിൽ തുടരന്വേഷണത്തിന് എന്തിന് എതിരുനില്‍ക്കുന്നുവെന്ന് ചോദിച്ച കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
തുടർന്ന് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകുകയായിരുന്നു. കീഴ്‌ക്കോടതി വിധി ശരി വെച്ച കോടതി കേസ് ഡയറി ഉൾപ്പെടെ കൈമാറണം എന്നും ഉത്തരവിട്ടു. ഇതിനിടെയാണ് സിബിഐ അന്വേഷണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയത്.