ന്യൂഡല്‍ഹി: ഇന്‍റലിജന്‍സ് ബ്യൂറോ ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ ആരോപണവുമായി പിതാവ് രവീന്ദര്‍ കുമാര്‍. എ.എ.പി മുനിസിപ്പല്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനിന്‍റെ കെട്ടിടത്തില്‍ നിന്നും വലിയ രീതിയിലുള്ള കല്ലേറുണ്ടായെന്നും ഇവിടെ വച്ചാണ് അങ്കിത് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ശര്‍മ്മ ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ആക്രമണം നടന്നത്. ചന്ദ് ബാഗിലെ താഹിറിന്‍റെ കെട്ടിടത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. താഹിറിന്‍റെ കെട്ടത്തിനുള്ളിലേക്ക് പത്ത് പതിനഞ്ച് പേർ ചേർന്ന് അഞ്ചോ ആറോ പേരെ വലിച്ചിഴച്ച് കൊണ്ടുപോയി. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ അക്രമികള്‍ വെടിയുതിര്‍ത്തു. താഹിര്‍ ദേശവിരുദ്ധനാണെന്നും അദ്ദേഹം ആരോപിച്ചു. അങ്കിതിനെ കൊലപ്പെടുത്തിയത് കത്തി ഉപയോഗിച്ചാണെന്നും അദ്ദേഹം ആരോപിച്ചു. ഓവുചാലിലാണ് അങ്കിതിന്‍റെ മൃതശരീരം കണ്ടെത്തിയത്. ഇവിടെ മറ്റൊരു മൃതശരീരം കൂടി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു . അങ്കിതിന്‍റെ ശരീരം പോസ്റ്റമോട്ടത്തിനായി ജി.ടി.ബി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തന്‍റെ മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയതിന് ശേഷമാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.