ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്‌റ്റ് ചെയ്‌ത പൊലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി കോടതി. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും, അത് ഭരണഘടനയിലുള്ളതാണെന്നും ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി കാമിനി ലാവു ചൂണ്ടിക്കാട്ടി. ആസാദിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.
"ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധം സംഘടിപ്പിച്ച ജുമാ മസ്‌ജിദ് പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്നതാണെന്ന തരത്തിലാണ് പൊലീസിന്‍റെ വാദം. പാകിസ്ഥാനിലാണെങ്കിലും അവിടെ പ്രതിഷേധം സംഘടിപ്പിക്കാന്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. കാരണം വിഭജിക്കാത്ത ഇന്ത്യയിലെ ഭാഗമായിരുന്നു പാകിസ്ഥാന്‍" - ജഡ്‌ജി പറഞ്ഞു. പാര്‍ലമെന്‍റില്‍ വിശദീകരിച്ച വസ്‌തുതകള്‍ ജനങ്ങളിലേക്കെത്തിയിട്ടില്ല. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജഡ്‌ജി വ്യക്‌തമാക്കി. കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തതെന്നും കോടതി നിരീക്ഷിച്ചു.
ജുമാ മസ്‌ജിദില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ നിയമ വിരുദ്ധമായ എന്തെങ്കിലും പ്രസ്താവന ചന്ദ്രശേഖര്‍ ആസാദ് നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പൊലീസിനോട് കോടതി നിർദ്ദേശിച്ചു. എന്നാല്‍ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ മാത്രമേ തങ്ങളുടെ പക്കലുള്ളുവെന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പോലുമുള്ള സംവിധാനങ്ങളില്ലാത്ത പൊലീസാണോ ഡല്‍ഹി പൊലീസെന്ന് കോടതി ചോദിച്ചു.
"സമര്‍പ്പിച്ച തെളിവുകളൊന്നും മേഖലയില്‍ അക്രമം നടന്നുവെന്ന പൊലീസിന്‍റെ ആരോപണത്തിനെ സാധൂകരിക്കുന്നില്ല. ഇതില്‍ എവിടെയാണ് സംഘര്‍ഷം, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ, പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യമാണ് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം" - കോടതി പൊലീസിനോട് പറഞ്ഞു. നിയമത്തില്‍ ബിരുദമുള്ള വക്കീലായ ആസാദിന് കോടതിയില്‍പോലും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 21 പുലര്‍ച്ചെയാണ് ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ പ്രതിഷേധിച്ച ഭീം ആര്‍മി തലവൻ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. തെളിവുകളൊന്നുമില്ലാതെ അന്യായമായാണ് ആസാദിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തതെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന്‍ മെഹമ്മൂദ് പ്രാച്ചയാണ് കോടതിയെ സമീപിച്ചത്.