ന്യൂഡൽഹി: കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികളിൽ വലിയ നിരക്ക് ഈടാക്കുന്നതിൽ 57% ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് സർവെ. എന്നാൽ സർക്കാർ ആശുപത്രികളിൽ ചികിത്സിച്ചാൽ സമ്പർക്കത്തിലൂടെ കൊവിഡ് രോഗികൾ ആകുമോയെന്ന് 47% ആളുകളും ഭയപ്പെടുന്നുവെന്ന് സർവെ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോക്കൽ സർക്കിൾസ് നടത്തിയ സർവെയിലാണ് ഈ കണ്ടെത്തൽ. 40,000 പേരാണ് സർവെയിൽ പങ്കെടുത്തത്. കൊവിഡ് ചികിത്സയ്ക്കായി സർക്കാർ, സ്വകാര്യ ആശുപത്രികളെക്കുറിച്ചുള്ള ജനങ്ങളുടെ പൊതു ധാരണയുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങളോടാണ് ആളുകൾ പ്രതികരിച്ചത്.
കൊവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികൾ വലിയ നിരക്ക് ഈടാക്കുന്നതിൽ ആശങ്കയെന്ന് സർവെ
ലോക്കൽ സർക്കിൾസ് നടത്തിയ സർവെയിൽ 40,000 പേരാണ് പങ്കെടുത്തത്.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഉയർന്ന ചാർജുകൾ നിയന്ത്രിക്കണമെന്ന് 61% ആളുകൾ പ്രതികരിച്ചുവെന്നും 46% പേർ സമ്പർക്കത്തിലൂടെ കൊവിഡ് രോഗം വരുമോ എന്ന് ഭയപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സർവെയിൽ പങ്കെടുത്ത 32% പേർ രാജ്യത്തിലെ മെഡിക്കൽ ഇൻഫ്രാസ്ട്രക്‌ചറിന്‍റെ അപര്യാപ്‌തതയിൽ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയിലെ ആരോഗ്യ രംഗത്തിന്‍റെ പോരായ്‌മകളും സ്വകാര്യ- സർക്കാർ ആശുപത്രികളെപ്പറ്റി ജനങ്ങൾക്കുള്ള ആശങ്കകളുമാണ് സർവെയിലൂടെ പുറത്ത് വന്നത്.