ഭുവനേശ്വർ:സൂറത്തിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെ ഒഡീഷയിൽ എത്തിക്കുമ്പോഴുണ്ടാകുന്ന ബസ് അപകടങ്ങൾ കണക്കിലെടുത്ത് ഭാവിയിൽ തിരികെയെത്തിക്കുന്ന തൊഴിലാളികളെ ട്രെയിനുകളിൽ എത്തിക്കണമെന്ന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. കൊവിഡ് 19 ന്റെ സാഹചര്യത്തെക്കുറിച്ചുള്ള അവലോകന യോഗത്തിലാണ് പട്നായിക് ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
സൂറത്തിൽ നിന്നും ഒഡീഷയിലെക്ക് തൊഴിലാളികളുമായി വന്ന മൂന്ന് ബസുകളാണ് അപകടത്തിൽപ്പെട്ടത്. അപകടങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗഞ്ചം ജില്ലയിലാണ് അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. അപകടങ്ങൾക്ക് പുറമെ, യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ എന്നിവർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ തീരുമാനം. റോഡ് മാർഗം ഏകദേശം 1600 കിലോമീറ്ററിലധികം ദൂരമാണ് ഇത്തരത്തിൽ തൊഴിലാളികൾ സഞ്ചരിക്കേണ്ടി വരുന്നത്.ശനിയാഴ്ച രാത്രി ഉണ്ടായ ബസ് അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. അതേ സമയം, ഞായറാഴ്ച സംസ്ഥാനത്തെ മലയോര മേഖലയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗഞ്ചം ജില്ലയിൽ നിന്നുള്ള മൂന്ന് ലക്ഷത്തോളം ഓഡിയ തൊഴിലാളികളാണ് ഗുജറാത്തിലെ സൂറത്തിൽ വജ്രം മുറിക്കുന്ന ജോലിയും മറ്റും ചെയ്തിരുന്നത്.തിങ്കളാഴ്ച രാത്രി 2,400 ഒഡീഷ സ്വദേശികളുമായി രണ്ട് ശ്രാമിക് സ്പെഷ്യൽ ട്രെയിനുകൾ സൂറത്തിൽ നിന്ന് ഗഞ്ചം ജില്ലയിലെ ബ്രഹ്മപൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.സൂറത്തിൽ നിന്ന് കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്നതിനായി 87 ബസുകൾ ബുക്ക് ചെയ്തിരുന്നതായും അതിൽ 20 ബസുകൾ ലക്ഷ്യം പൂർത്തികരിച്ചതായും ബാക്കിയുള്ളവ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റദ്ദാക്കുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി എ.കെ ത്രിപാഠി പറഞ്ഞു.
ആഗോള തലത്തിൽ സ്ഥിതി മോശമായതിനാൽ കൂടുതൽ ആളുകളെ വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിക്കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങളും യോഗം സ്വീകരിച്ചു. മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ സ്വീകരിച്ച സമാനമായ നടപടിക്രമങ്ങൾ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരിലും നടത്തണമെന്നാണ് തീരുമാനം.
കുടിയേറ്റ തൊഴിലാളികളെപ്പോലെ, വിദേശത്ത് നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരും നിർബന്ധിത രജിസ്ട്രേഷൻ, കൊവിഡ് പരിശോധന, 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ എന്നിവക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു.കൊവിഡ്19 പടർന്ന് പിടിക്കുന്നതിന് മുമ്പ് ഏതാണ്ട് 4,000 ൽ അധികം ആളുകൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഒഡീഷയിലേക്ക് മടങ്ങിയെത്തിയിരുന്നു. വിദേശത്ത് കുടുങ്ങിപ്പോയ പൗരന്മാരെ തിരികെ എത്തിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെത്തുടർന്ന് തിരികെ എത്തുന്നവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കും.