പനാജി: കൊവിഡിനെതിരെ ഫലപ്രദമെന്ന അവകാശവുമായെത്തിയ പതഞ്ജലി, മരുന്നിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആയുഷ് മന്ത്രാലയത്തിന് കൈമാറി. കേന്ദ്ര മന്ത്രി ശ്രീപദ് നായിക്കാണ് റിപ്പോര്‍ട്ട് ലഭിച്ചതായി വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് വിശകലനം ചെയ്‌തതിന് ശേഷം മാത്രമേ മരുന്നിന് അനുമതി നല്‍കണമോ ഇല്ലയോ എന്നുള്ള തീരുമാനമെടുക്കുകയുള്ളുവെന്ന് ആയുഷ് മന്ത്രി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഫോണില്‍ വ്യക്തമാക്കി.
കൊവിഡ് മരുന്ന്; പതഞ്ജലി ആയുഷ് മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
റിപ്പോര്‍ട്ട് വിശകലനം ചെയ്‌തതിന് ശേഷം മാത്രമേ മരുന്നിന് അനുമതി നല്‍കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്ന് ആയുഷ് മന്ത്രി വ്യക്തമാക്കി.
ഏഴു ദിവസത്തിനുള്ളില്‍ കൊവിഡ് രോഗവിമുക്തി നേടുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. കഴിഞ്ഞ ദിവസമാണ് പതഞ്ജലി കമ്പനിയോട് മരുന്നിനെക്കുറിച്ചുള്ള ഗവേഷണ വിവരങ്ങളും മരുന്നിലടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള വിശദീകരണം കേന്ദ്രം തേടിയത്. മരുന്നിനെക്കുറിച്ചുള്ള പരസ്യം അടിയന്തരമായി നിര്‍ത്തിവെക്കാനും കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിട്ടിരുന്നു.
കൊവിഡില്‍ നിന്നും രോഗമുക്തി ലഭിക്കുമെന്ന വാഗ്‌ദാനവുമായി ചൊവ്വാഴ്‌ചയാണ് പതഞ്ജലി കൊറോണില്‍, ശ്വാസരി എന്നീ രണ്ട് മരുന്നുകളുടെ വിവരം പുറത്തു വിട്ടത്. കൊവിഡ് രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ നൂറു ശതമാനം ഫലപ്രാപ്‌തി നേടിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.