ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചയാകുമ്പോഴും അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണ് പാക് സൈന്യം. വെള്ളിയാഴ്ച രാവിലെയും നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പാക് സൈന്യം വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്.
കശ്മീരില്‍ വീണ്ടും പാക് പ്രകോപനം - ന്യുഡല്‍ഹി
ഈ വര്‍ഷം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് രണ്ടായിരത്തിലധികം തവണ.
രജൗറിയിലെ നൗഷേരാ സെക്ടറിലാണ് പാക് സൈന്യം തോക്കുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. വെടിവയ്പ്പില്‍ ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ ഇത് വരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതോടെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ കൂടിവരികയാണ്. പരിശീലനം സിദ്ധിച്ച ഭീകരരെ ഇന്ത്യയിലേക്ക് കടത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍. ഇത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ നിരവധി തവണ ഇന്ത്യന്‍ സൈന്യം പുറത്ത് വിട്ടിരുന്നു. ഈ വര്‍ഷം മാത്രം രണ്ടായിരത്തിലധികം തവണയാണ് പാകിസ്ഥാന്‍ നിയന്ത്രണരേഖയില്‍ ആക്രമണം നടത്തിയത്. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ആഗസ്റ്റ് അഞ്ച് മുതല്‍ ജമ്മു കശ്മീരില്‍ കടുത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.