ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടർ റാലിയിൽ സംഘർഷമുണ്ടാക്കാൻ പാകിസ്ഥാൻ ശ്രമമെന്ന് ഡല്‍ഹി പൊലീസ്. ട്രാക്ടർ റാലി തകിടം മറിക്കാൻ ശ്രമിക്കുന്ന 308 വ്യാജ പാകിസ്ഥാൻ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായും ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയോടെയായിരിക്കും റിപ്പബ്ലിക് ദിന പരേഡിന് ശേഷമുള്ള കര്‍ഷക റാലിയെന്നും ഡൽഹി ഇന്‍റലിജന്‍സ് സ്പെഷൽ പൊലീസ് കമ്മിഷണർ ദീപേന്ദ്ര പഥക് പറഞ്ഞു.
തെറ്റിധരിപ്പിക്കുന്ന വിവരം നല്‍കി ട്രാക്ടര്‍ റാലി അട്ടിമറിക്കുക എന്ന സംഘടിത ലക്ഷ്യത്തോടെയാണ് ജനുവരി പകുതിയോടെ മുന്നൂറിലേറെ അക്കൗണ്ടുകളില്‍ നിന്ന് സ്പര്‍ദയുളവാക്കുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒപ്പം മറ്റ് ഏജന്‍സികളും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് കർഷകർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഒരു ലക്ഷം ട്രാക്ടറുകൾ റാലിയിൽ അണിനിരക്കും. ട്രാക്ടർ റാലി റിപ്പബ്ലിക്ക് ദിന സുരക്ഷയെ ബാധിക്കാത്ത വിധത്തിൽ നടത്തണമെന്നാണ് ഡല്‍ഹി പൊലീസ് കർഷകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മൂന്നിടത്താണ് പൊലീസ് റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
തിക്രി, ഗാസിപ്പൂർ, സിംഘു എന്നീ അതിർത്തികളിൽ നിന്നാകും റാലി പുറപ്പെടുക. റിപബ്ലിക്ക് ദിന പരേഡ് നടക്കുന്ന ന്യൂ ഡല്‍ഹി ഭാഗത്തേക്ക് ട്രാക്ടറുകൾക്ക് പ്രവേശനമുണ്ടാകില്ല. ഇവിടെ നിന്ന് പതിനാല് കിലോമീറ്റർ ചുറ്റുള്ളവിലുള്ള ഭാഗം ഒഴിവാക്കിയുള്ള പോയിന്‍റുകളിലാണ് ഒരോ റാലിയും എത്തുക. അവിടെ എത്തിയതിന് ശേഷം സമര ഭൂമിയിലേക്ക് തിരിച്ചു മടങ്ങണം. റാലിക്ക് ഡല്‍ഹി പൊലീസിന്‍റെ അകമ്പടിയുണ്ടാകും.
റാലി കണക്കിലെടുത്ത് ഡല്‍ഹി- യുപി അതിർത്തിയായ നോയിഡയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിയന്ത്രണം. റാലിക്കായി കർഷകർ യുപിയിൽ നിന്ന് ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്.