പാകിസ്ഥാന് സ്വയം നശിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് - pakistan
തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നത് തുടരുകയാണെങ്കില്‍ പാകിസ്ഥാനെ മറ്റാരും തകര്‍ക്കേണ്ടിവരില്ലെന്നും, അവര്‍ സ്വയം നശിക്കുമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു

സൂറത്ത്:പാകിസ്ഥാൻ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാഷ്‌ട്രസേവനത്തിനിടെ വീരമൃത്യു വരിച്ച 122 സൈനികരെ സ്‌മരിച്ച് അവരുടെ കുടുംബങ്ങൾക്കൊപ്പം സുറത്തില്‍ നടത്തിയ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യത്തിന് സമാനമായി അവര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണെങ്കില്‍ പാകിസ്ഥാനെ ആരും തകര്‍ക്കേണ്ടെന്നും അവര്‍ സ്വയം നശിക്കുമെന്നും രാജ്‌നാഥ് സിങ് പരിഹസിച്ചു.
പാകിസ്ഥാന്‍ നിയന്ത്രണരേഖ ലംഘിക്കാന്‍ ശ്രമിച്ചാല്‍ അതിനെ തടയാന്‍ ഇന്ത്യന്‍ സൈന്യമുണ്ടാകുമെന്നും, നുഴഞ്ഞുകയറ്റക്കാര്‍ തിരികെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
"പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്‍റെ സൈനികരോട് നിയന്ത്രണ രേഖ ലംഘിക്കരുതെന്ന് നല്ല ഉപദേശം നൽകിയിട്ടുണ്ട്, കാരണം ഇന്ത്യൻ സൈനികർ തയ്യാറാണെന്ന് അദ്ദേഹത്തിന് അറിയാം" രാജനാഥ് കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ കശ്‌മീര്‍ വിഷയവും ചര്‍ച്ചയായി. ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയ നടപടി അംഗീകരിക്കാന്‍ പാകിസ്ഥാന് ആകുന്നില്ലെന്നും, അതുകൊണ്ടാണ് ഐക്യരാഷ്‌ട്രസഭയില്‍ അടക്കം സംഭവത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ പാകിസ്ഥാന്‍ ശ്രമം നടത്തുന്നതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ അന്താരാഷ്‌ട്ര സമൂഹം അതിനെ വിശ്വസിച്ചില്ല.
സ്വാതന്ത്രം ലഭിച്ചതിനുശേഷം ഇന്ത്യയിലെ ന്യൂനപക്ഷ ജനസംഖ്യ വർദ്ധിച്ചിട്ടുണ്ട് എന്നാല്‍ ആരുടെയും അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ല. മറിച്ച് പാകിസ്ഥാനില്‍ സിഖുകാർക്കും ബുദ്ധമതക്കാർക്കുമെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമാണെന്നും രാജ്‌നാഥ് കുറ്റപ്പെടുത്തി.
മാരുതി വീർ ജവാൻ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍, മരിച്ച 122 സൈനികരുടെ കുടുംബങ്ങളിൽ ഓരോരുത്തർക്കും 2.5 ലക്ഷം രൂപ വീതം രാജ്‌നാഥ് സിങ് കൈമാറി