ഇസ്ലാമാബാദ്: കർത്താർപൂർ കോറിഡോർ നിർമ്മാണം സംബന്ധിച്ച് ഇന്ത്യ-പാക് പ്രതിനിധികൾ ചർച്ച നടത്തി. കശ്‌മീരിന്‍റെ പ്രത്യക പദവി റദ്ദാക്കിയതിന് ശേഷമുള്ള യോഗമാണിത്. ഇന്ത്യ-പാക് ബോർഡറിലുളള കർത്താർപൂർ കോറിഡോറിന്‍റെ പകുതി ഭാഗം ഇന്ത്യയിലും പകുതി ഭാഗം പാകിസ്ഥാനിലുമാണ്. പാകിസ്ഥാനിലെ നാരോവൽ ജില്ലയിലാണ് കോറിഡോറിന്‍റെ ഒരു ഭാഗം നിർമ്മിച്ചിട്ടുള്ളത്. ഇന്ത്യൻ അതിർത്തി മുതൽ ഗുരുദ്വാര കർത്താർപൂർ ഷൈബ് വരെയാണ് മറുഭാഗം. പാകിസ്ഥാനിലെ ദർബാർ സാഹിബിനെയും ഗുരുദാസ് ജില്ലയിലെ ദേര ബാബാ നാനാക് ആരാധനാലയത്തെയും ബന്ധിപ്പിക്കുന്ന കണ്ണികൂടിയാണ് ഇത്.
കർത്താർപൂർ ബോർഡർ; ഇന്ത്യ-പാക് സംഘം ചർച്ച നടത്തി
നവംബറോടെ പാകിസ്ഥാൻ ഭാഗത്തുള്ള കോറിഡോർ നിർമ്മാണം അവസാനിക്കുമെന്നും കർത്താർപൂർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള വിസ സെപ്‌തംബര്‍ ഒന്ന് മുതൽ കൊടുത്ത് തുടങ്ങുമെന്നും പാകിസ്ഥാന്‍.
ഇന്ത്യൻ അതിർത്തി മുതൽ ഗുരുദ്വാര ദർബാർ സാഹിബ് വരെയുള്ള ഇടനാഴി നിർമ്മിക്കുന്നത് പാകിസ്ഥാനാണ്. ദേര ബാബ നാനാക്ക് മുതൽ അതിർത്തി വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകും. നവംബറോടെ പാകിസ്ഥാൻ ഭാഗത്തുള്ള കോറിഡോർ നിർമ്മാണം അവസാനിക്കുമെന്ന് ചർച്ചയ്ക്കിടെ അധികൃതർ അറിയിച്ചു. കർത്താർപൂർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള വിസ സെപ്‌തംബര്‍ ഒന്ന് മുതൽ കൊടുത്തുതുടങ്ങുമെന്നും പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്. നവംബർ പന്ത്രണ്ടിന് ഗുരുനാനാക്കിന്‍റെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സിഖുകാർക്കായി ലാഹോറിൽ നിന്ന് 125 കിലോമീറ്റർ അകലെയുള്ള നരോവാലിൽ ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും ചർച്ചകൾ തുടരുകയാണ്.