ഒടുവില്‍ ആശ്വാസം; പി.ചിദംബരം ജയില്‍ മോചിതനായി - എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്
106 ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം.
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലിലായിരുന്ന മുൻ ധനമന്ത്രി പി.ചിദംബരം ജയില്‍ മോചിതനായി. ബുധനാഴ്ച വൈകിട്ട് സുപ്രീം കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് ചിദംബരം രാത്രി എട്ടുമണിയോടെ ജയില്‍ മോചിതനായത്. ചിദംബരത്തെ സ്വീകരിക്കാൻ തീഹാര്‍ ജയിലിന് മുന്നില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ചിദംബരത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജാമ്യം കിട്ടിയതിനാല്‍ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ വ്യാഴാഴ്ച കോൺഗ്രസ് എംപി പങ്കെടുക്കുമെന്ന് ചിദംബരത്തിന്‍റെ മകൻ കാർത്തി പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം അച്ഛൻ വീട്ടിലേക്ക് തിരികെ വരുന്നതില്‍ സന്തോഷമുണ്ടെന്നും കാര്‍ത്തി പറഞ്ഞു.
കേസിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പ്രസ്താവനയിറക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ ജാമ്യ ബോണ്ടും അതേ തുകയുടെ രണ്ട് ആള്‍ ജാമ്യവും നൽകിയാണ് ചിദംബരത്തിന് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ധനമന്ത്രിയായിരിക്കെ 2007 ൽ ഐഎൻഎക്സ് മീഡിയയ്ക്ക് 305 കോടി രൂപയുടെ വിദേശ നിക്ഷേപം തേടുന്നതിന് വിദേശ നിക്ഷേപ പ്രമോഷൻ ബോർഡ് (എഫ്ഐപിബി) അനുമതി നൽകിയ സംഭവത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്.