ഹൈദരാബാദ്: സംസ്ഥാനത്ത് 2019ലെ മൊത്തം കുറ്റകൃത്യങ്ങളുടെ നിരക്കിൽ മൂന്ന് ശതമാനം കുറവുണ്ടായതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. 2018 ൽ റിപ്പോർട്ട് ചെയ്‌ത 16,084 കേസുകളിൽ നിന്ന് ഈ വർഷം രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം 15,598 ആയി കുറഞ്ഞതായി ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പറഞ്ഞു.
അതേസമയം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നേരിയ വർധനയുണ്ടായി. ഈ വർഷം 2,305 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018 ൽ ഇത് 2,286 ആയിരുന്നു. തട്ടിക്കൊണ്ടുപോകൽ കേസുകൾ 14 ശതമാനം കുറഞ്ഞു. പ്രിവന്‍റീവ് ഡിറ്റൻഷൻ (പിഡി) ആക്റ്റ്, ക്രിമിനൽ ട്രാക്കിങ് സംവിധാനം, തീവ്രമായ പട്രോളിങ്, സെർച്ച് ഓപ്പറേഷനുകൾ, കമ്മ്യൂണിറ്റി സിസിടിവി സ്ഥാപിക്കൽ എന്നിവ ഉൾപ്പെടെയുള്ള നടപടികളിലാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയാൻ കാരണമായി ചൂണ്ടികാണിക്കുന്നത്.