ന്യൂഡൽഹി:സേനകളിലേക്ക് കൂടുതൽ സ്‌ത്രീകളെ നിയമിക്കുമെന്ന് ശ്രീപദ് നായിക്.മൂന്ന് പ്രതിരോധ സേനകളിലുമായി 9,118 സ്‌ത്രീകൾ ഓഫീസർമാരായി നിലവിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നാൽ, 1,700 സ്‌ത്രീകളെ കൂടി സൈനിക വിഭാഗത്തിൽ ഉൾപ്പെടുത്താൻ അനുമതി ലഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിൽ പറഞ്ഞു.
704 സ്‌ത്രീകൾ ജോലി ചെയ്യുന്ന നാവികസേനയിലാണ് ഏറ്റവും അധികം സ്‌ത്രീകളുള്ളത്. ഇത് ആകെ കണക്കിന്‍റെ 6.5 ശതമാനമാണ്. പ്രതിരോധ വകുപ്പിന്‍റെ പ്രസ്‌താവന പ്രകാരം, ഇന്ത്യൻ സൈന്യത്തിൽ 6,807 സ്ത്രീകളും 12,18,036 പുരുഷന്മാരുമാണുള്ളത്. ഇതിൽ സ്‌ത്രീകൾ 0.56 ശതമാനമാണ്. ഇന്ത്യൻ വ്യോമസേനയിൽ 1,607 സ്‌ത്രീകളും 1,46,727 പുരുഷന്മാരുമാണുള്ളത്. സേനയുടെ 1.08 ശതമാനമാണിത്. മൂന്ന് പ്രതിരോധ സേനകളിൽ ഏറ്റവും കൂടുതൽ സ്‌ത്രീകൾ ഓഫീസർമാരായി സേവനമനുഷ്ഠിക്കുന്നത് ഇന്ത്യൻ ആർമിയിലാണ്. നിലവിൽ സ്‌ത്രീകളെ ശിപായി റാങ്കിൽ സേനയിൽ ചേരാൻ അനുവദിക്കുന്ന സേന കൂടിയാണ് ഇന്ത്യൻ ആർമി.
2019 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2020 ൽ സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ വർധനയുണ്ടായതായും സർക്കാർ അറിയിച്ചു. ജഡ്‌ജ് അഡ്വക്കേറ്റ് ജനറൽ, ആർമി എഡ്യൂക്കേഷൻ കോർപ്‌സ് എന്നിവയിൽ വനിതാ ഓഫീസർമാർക്ക് സ്ഥിര നിയമനം നൽകുന്നതിനു പുറമേ, സൈനിക പൊലീസ് കോർപ്‌സിലേക്കും 1,700 സ്‌ത്രീകൾക്ക് സർക്കാർ ഘട്ടംഘട്ടമായി നിയമനം നൽകും.
സ്‌ത്രീകളെയും യുവാക്കളെയും വ്യോമസേനയിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന വിവിധ ഇൻഡക്ഷൻ പബ്ലിസിറ്റി നടപടികൾ ഏറ്റെടുക്കുന്നുണ്ട്. നേരിട്ടുള്ള കോൺടാക്റ്റ് പ്രോഗ്രാം, പ്രിന്‍റ്, ഇലക്ട്രോണിക് മീഡിയ തുടങ്ങിയ മൊഡ്യൂളുകൾ വ്യോമസേനയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനും വിവിധ എൻട്രികളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനും വിപുലമായി ഉപയോഗിക്കുന്നുണ്ട്. 1992 മുതൽ ഇന്ത്യൻ നാവികസേനയിൽ സ്‌ത്രീകളെ ഓഫീസർമാരായി നിയമിക്കുന്നുണ്ട്. എന്നാൽ നിയമം, വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ് എന്നിവയിലാണ് നിയമനം നടന്നിരുന്നത്.