ലക്‌നൗ: രാജ്യത്ത് ഏകദേശം 13,500 മൊബൈൽ ഫോണുകൾ ഒരേ ഐഎംഇഐയിൽ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) പ്രവർത്തിക്കുന്നുണ്ടെന്ന് മീററ്റ് പൊലീസ്. മൊബൈൽ ഫോൺ നിർമാണ കമ്പനിക്കും അതിന്റെ സേവന കേന്ദ്രത്തിനുമെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
13,500 മൊബൈൽ ഫോണുകൾക്ക് ഒരേ ഐഎംഇഐ നമ്പർ സർവീസ് നടത്തിയിട്ടും പുതിയ ഫോൺ ശരിയായി പ്രവർത്തിക്കാത്തതിനാൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ മൊബൈൽ ഫോൺ സൈബർ ക്രൈം സെല്ലിലെ ഉദ്യോഗസ്ഥർക്ക് പരിശോധനക്ക് നൽകിയതിനെ തുടർന്നാണ് ഇക്കാര്യം പുറത്തുവന്നതെന്ന് മീററ്റ് എസ്പി അഖിലേഷ് എൻ സിംഗ് പറഞ്ഞു.
സൈബർ സെല്ലാണ് ഇക്കാര്യത്തിൽ സാങ്കേതിക അന്വേഷണം നടത്തുന്നത്. ഒരു മൊബൈൽ ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട വശമാണ് ഐഎംഇഐ നമ്പർ. ഒന്നിലധികം മൊബൈൽ ഫോണുകളിൽ ഒരേ ഐഎംഇഐ നമ്പർ ഉള്ളത് ലംഘനമാണ് എന്ന് ടിആർഎഐ (ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ) നൽകുന്ന മാർഗനിർദേശങ്ങളിൽ പറയുന്നതായി മീററ്റ് സോൺ എ.ഡി.ജി രാജീവ് സബർവാൾ പറഞ്ഞു. ഗുരുതരമായ സുരക്ഷാ പ്രശ്‌നമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രഥമദൃഷ്ട്യാ ഇത് മൊബൈൽ ഫോൺ കമ്പനിയുടെ അശ്രദ്ധയാണെന്നും കുറ്റവാളികൾക്ക് ഇത് അവരുടെ നേട്ടത്തിനായി ഉപയോഗിക്കാൻ കഴിയും എന്നും മീററ്റ് എസ്പി പറഞ്ഞു. നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിക്കാൻ വിദഗ്ധരുടെ സംഘത്തെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.