ന്യൂഡൽഹി: വന്ദേ ഭാരത് മിഷനിലൂടെ വിദേശത്ത് കുടുങ്ങിക്കിടന്ന 1.07 ലക്ഷത്തിലധികം ഇന്ത്യക്കാരെ നാട്ടില്‍ എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. മൂന്നാം ഘട്ട ദൗത്യത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. രണ്ടാം ഘട്ടം ജൂൺ 13ന് പൂർത്തിയാകും. മൂന്നാം ഘട്ടത്തില്‍ 31 രാജ്യങ്ങളിൽ നിന്ന് 337 അന്താരാഷ്ട്ര വിമാനങ്ങളിൽ 38,000ത്തോളം പേരെ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
വന്ദേ ഭാരത് മിഷൻ; ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് 1.07 ലക്ഷത്തിലധികം പേര്‍ - എയര്‍ ഇന്ത്യ
മൂന്നാം ഘട്ടത്തില്‍ 31 രാജ്യങ്ങളിൽ നിന്ന് 337 അന്താരാഷ്ട്ര വിമാനങ്ങളിൽ 38,000 ത്തോളം പേരെ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മെയ് ഏഴ് മുതൽ 15 വരെയുള്ള മിഷന്‍റെ ആദ്യ ഘട്ടത്തിൽ 12 രാജ്യങ്ങളിൽ നിന്ന് 15,000 ത്തോളം പേരെ സർക്കാർ തിരിച്ചെത്തിച്ചു. മെയ് 17 മുതൽ 22 വരെ നിശ്ചയിച്ചിരുന്ന രണ്ടാം ഘട്ടം പിന്നീട് ജൂൺ 13 വരെ നീട്ടി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ എയർ ഇന്ത്യ രണ്ടാം ഘട്ടത്തിൽ 103 വിമാനങ്ങളില്‍ സർവീസ് നടത്തി. ശ്രീലങ്കയിൽ നിന്നും മാലിദ്വീപിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ നാവികസേനയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വിദേശ വിമാനക്കമ്പനികൾ ഉൾപ്പെടെ 454 വിമാനങ്ങളില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇന്നുവരെ 1,07,123 ഇന്ത്യക്കാർ തിരിച്ചെത്തിയെന്നും ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിയവരിൽ 17,485 കുടിയേറ്റ തൊഴിലാളികളും 11,511 വിദ്യാർഥികളും 8,633 പ്രൊഫഷണലുകളും ഉൾപ്പെടുന്നു. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് 32,000 ഇന്ത്യക്കാർ കര അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ മടങ്ങിയെത്തിയതായും അദ്ദേഹം വ്യക്തമാക്കി.