അമരാവതി: 14 മാസത്തെ വൈ.എസ്.ആർ കോൺഗ്രസ് ഭരണം ഇന്ത്യൻ ഭരണഘടനയുടെ എല്ലാ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി. ഇന്ത്യൻ ഭരണഘടനയുടെ ആദ്യ പേജിൽ പരാമർശിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ പിന്തുടർന്നാണ് ഇപ്പോഴത്തെ സംസ്ഥാന ഗവൺമെന്‍റ് ഭരണം നടപ്പിലാക്കുന്നതെന്നും ജഗൻമോഹൻ റെഡ്ഡി വ്യക്തമാക്കി. 74-ാം സ്വാതന്ത്ര്യദിനത്തിന്‍റെ ഭാഗമായി വിജയവാഡയിലെ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈ.എസ്.ആർ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ നവ രത്നങ്ങൾ എന്ന വാഗ്ദാനം നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും ജഗൻമോഹൻ റെഡ്ഡി പറഞ്ഞു. കർഷകർക്കും സ്‌ത്രീകൾക്കും ക്ഷേമപദ്ധതികൾ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെടുന്നവർക്കും മുന്നാക്ക വിഭാഗത്തിലെ നിർധനരായവരുടെയും ഉന്നമനങ്ങൾക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി. വിദ്യാഭ്യാസരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. പാഠപുസ്‌തകങ്ങളും മറ്റും സൗജന്യമാക്കി. സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിനായി രണ്ട് കമ്മിഷനുകൾ രൂപീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.