ലക്‌നൗ: ഉത്തർപ്രദേശിൽ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായിക്കൊണ്ടിരിക്കുന്നുവെന്നത് വ്യക്തമാക്കുന്നതാണ് ലഖിംപൂർ ഖേരി ജില്ലയിൽ നടന്ന കൂട്ടബലാത്സംഗമെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. "ബിജെപി ഭരണകാലത്ത് സ്‌ത്രീകൾക്കെതിരെ അക്രമം വർധിക്കുകയാണ്. ലഖിംപൂർ ഖേരിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് മനുഷ്യരാശിയെ ഞെട്ടിക്കുന്ന സംഭവമാണ്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ ചെയ്യുന്ന പ്രതികൾക്ക് ബിജെപി സർക്കാർ സംരക്ഷണം നൽകുന്നത് എന്തുകൊണ്ട്?" എന്നാണ് സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്.
ലഖിംപൂർ ഖേരി ബലാത്സംഗം; യുപി സർക്കാരിനെതിരെ പ്രതിപക്ഷം
കഴിഞ്ഞ വെള്ളിയാഴ്‌ച ലഖിംപൂർ ഖേരിയിലെ കരിമ്പിൻ തോട്ടത്തിൽ നിന്നും 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ സ്‌ത്രീകൾക്കെതിരയുള്ള കുറ്റകൃത്യങ്ങൾ യുപി സർക്കാരിന്‍റെ ഭരണവീഴ്‌ച വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനനില തകരുകയാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ യുപി സർക്കാർ പരാജയപ്പെട്ടെന്നും ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) ദേശീയ വക്താവ് സുധീന്ദ്ര ഭഡോറിയ പറഞ്ഞു. പൊതുജനങ്ങൾ അസ്വസ്ഥരാണെന്നും ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണമെന്നും ഭഡോറിയ കൂട്ടിച്ചേർത്തു. ബലാത്സംഗം, ദളിതരുടെ കൊലപാതകം, ക്രമസമാധാനം എന്നിവ സംസ്ഥാനത്ത് ചോദ്യചിഹ്നമായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കുന്നില്ലെന്ന് ബിഎസ്‌പി മേധാവി മായാവതിയും പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് 13 വയസുകാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ പ്രദേശത്തെ കരിമ്പിൻ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്.