ന്യൂഡൽഹി: ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ ഭാഗമായി രാജ്യത്തിന് പുറത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പുറപ്പെട്ട ഐഎൻഎസ് മഗർ ഇന്ന് വൈകുന്നേരം കൊച്ചിയിൽ തിരിച്ചെത്തും. 202 ഇന്ത്യൻ പൗരന്മാരെയാണ് നാവിക സേന മാലിയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവരുന്നത്. സമുദ്ര സേതുവിന്‍റെ കീഴിലുള്ള രണ്ടാമത്തെ കപ്പലായ മഗർ ഞായറാഴ്‌ചയായിരുന്നു മാലി തുറമുഖത്തേക്ക് പുറപ്പെട്ടത്. 26 സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 202 പേരാണ് ഇന്ന് കൊച്ചിയിലെത്തുന്നത്. സംഘത്തിൽ കാലിന് പരിക്കേറ്റ ഒരു തമിഴ്‌നാട് സ്വദേശിയുമുണ്ട്.
ഓപ്പറേഷൻ സമുദ്ര സേതു; ഐഎൻഎസ് മഗർ ഇന്ന് കൊച്ചിയിലെത്തും
26 സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 202 പേരാണ് ഇന്ന് വൈകുന്നേരം മാലിയിൽ നിന്നും കൊച്ചിയിലെത്തുന്നത്
ഓപ്പറേഷൻ സമുദ്ര സേതു
നാവിക സേനയുടെ സഹായത്താൽ നാട്ടിലെത്തുന്ന ഇവരുടെ ആരോഗ്യ പരിശോധനയുൾപ്പടെയുള്ള നടപടിക്രമങ്ങൾ മെയ് എട്ടു മുതൽ ആരംഭിച്ചിരുന്നു. കൊവിഡിനെതിരെയുള്ള എല്ലാ മാനദണ്ഡങ്ങളും സജ്ജീകരണങ്ങളും തയ്യാറാക്കിയാണ് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് മഗർ മാലിദ്വീപിലേക്ക് തിരിച്ചത്. ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ കീഴിൽ നാവികസേനയുടെ ആദ്യ കപ്പൽ ഐഎൻഎസ് ജലശ്വ നേരത്തെ 698 ഇന്ത്യക്കാരെ കൊച്ചിയിലെത്തിച്ചിരുന്നു.