ഹൈദരാബാദ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദില്‍ പെയ്ത തോരാത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പെക്കത്തില്‍ ഒളിമ്പിക് മെഡൽ ജേതാവ് ഗഗൻ നാരംഗിന് നഷ്ടമായത് അദ്ദേഹത്തിന്‍റെ സ്വപ്നമാണ്. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയ ഷൂട്ടിംഗ് താരമാണ് ഗഗൻ നാരംഗ്. രാജീവ്ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി രാജ്യം ആദരിച്ച ഗഗന്‍ തന്‍റെ ചിരകാല അഭിലാഷമായ ഗൺ ഫോർ ഗ്ലോറി ഷൂട്ടിംഗ് അക്കാദമി ആരംഭിച്ചിരുന്നു. ഇതിനായി വാങ്ങിയ 1.3 കോടി രൂപയുടെ റൈഫിളുകളും പിസ്റ്റളുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്.
വെള്ളപ്പൊക്കത്തില്‍ കുതിര്‍ന്ന സ്വപ്നവുമായി ഒളിമ്പിക്സ് മെഡൽ ജേതാവ് ഗഗൻ നാരംഗ് - ഗൺ ഫോർ ഗ്ലോറി ഷൂട്ടിംഗ് അക്കാദമി
വെള്ളപ്പൊക്കത്തില്‍ മുങ്ങിയ അക്കാദമിയുടെ ചിത്രങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്യുകയും തെലങ്കാന മന്ത്രി കെ ടി രാമ റാവുവിന് ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
തന്‍റെ സ്വപ്നം വെള്ളപ്പൊക്കത്തില്‍ ഇല്ലാതായതിനെക്കുറിച്ച് ഗഗന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. നവംബർ 1 മുതൽ ഗച്ചിബൗളി ഷൂട്ടിംഗ് റേഞ്ചിൽ പ്രവർത്തനം ആരംഭിക്കാനിരുന്ന അക്കാദമിക്ക് വേണ്ടി റൈഫിളുകളും പിസ്റ്റളുകളും വാങ്ങി. ഒരു തവണ പോലും ഇവയൊന്നും ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 1.3 കോടി രൂപയുടെ 90 റൈഫിളുകളും പിസ്റ്റളുകളും വെള്ളത്തിൽ മുങ്ങി. ഇപ്പോൾ അവയെ ഉണക്കാനുള്ള ശ്രമത്തിലാണ്. അവയിൽ എത്രയെണ്ണം പ്രവർത്തിക്കുമെന്ന് അറിയില്ല. ഇത്തരത്തിലൊരു ദുരന്തം ഒരിക്കലും പ്രതീക്ഷിക്കാത്തതിനാൽ ഇൻഷുറൻസ് പോലും ലഭിച്ചില്ലെന്നും ഒളിമ്പിക് മെഡൽ ജേതാവ് പറഞ്ഞു. തെലങ്കാനയില്‍ നിന്ന് തന്നെക്കാള്‍ മിടുക്കരായ ഷൂട്ടിംഗ് ചാമ്പ്യന്‍മാരെ വാര്‍ത്തെടുക്കണമെന്നുള്ള ആഗ്രഹമാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ എന്തുചെയ്യണമെന്ന് അറിയില്ല. രണ്ട് മാസം മുമ്പാണ് പിസ്റ്റളുകളും റൈഫിളുകളും ജർമ്മനിയിൽ നിന്ന് വാങ്ങിയതെന്നും ഗഗന്‍ വ്യക്തമാക്കി. അതേസമയം, വെള്ളപ്പൊക്കത്തില്‍ മുങ്ങിയ അക്കാദമിയുടെ ചിത്രങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്യുകയും തെലങ്കാന മന്ത്രി കെ ടി രാമ റാവുവിന് ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
2012 ലണ്ടൻ ഒളിമ്പിക്സിൽ നാരംഗ് ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിയിരുന്നു. പത്മശ്രീ, ഖേൽ രത്‌ന അവാർഡ് ജേതാവായ ഗഗന്‍ കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് എന്നിവയിലെല്ലാം പങ്കെടുത്ത് ഒന്നിലധികം മെഡലുകൾ നേടിയിട്ടുമുണ്ട്. ലോകോത്തര ഷൂട്ടിംഗ് അക്കാദമിയാണ് ഗൺ ഫോർ ഗ്ലോറി.