ന്യൂഡൽഹി: അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിന്‍റെ എണ്ണ കിണറിൽ ഉണ്ടായ പൊട്ടിത്തെറിയും തുടർന്നുണ്ടായ തീപിടിത്തവും അന്വേഷിക്കാൻ മൂന്ന് അംഗ സമിതിയെ പെട്രോളിയം മന്ത്രാലയം രൂപീകരിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൈഡ്രോകാർബൺസ് (ഡിജിഎച്ച്) ഡയറക്ടർ ജനറൽ എസ്. സി. എൽ. ദാസ് സമിതിക്ക് നേതൃത്വം നൽകും.
അഗ്നിബാധ ഉണ്ടാകാനിടയായ കാരണങ്ങളും, പ്രോട്ടോകോളുകളും നടപടിക്രമങ്ങളും പാലിക്കുന്നതിലെ വീഴ്ചകളും സമിതി അന്വേഷിക്കും. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളിൽ ഉണ്ടായ വിടവുകൾ തിരിച്ചറിയുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സമിതി ശുപാർശ ചെയ്യും. മുൻ ഒഎൻജിസി ചെയർമാൻ ബി. സി. ബോറ, മുൻ ഒഎൻജിസി ഡയറക്ടർ ടി. കെ. സെൻഗുപ്ത എന്നിവരും ഉൾപ്പെടുന്ന പാനൽ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
വിദഗ്ധരുടെ നിർദേശമനുസരിച്ച് എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചാണ് കിണർ അടയ്ക്കാൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് ജൂൺ 10ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം, തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. 200 മീറ്ററോളം ചുറ്റളവിലുണ്ടായ തീപിടുത്തത്തിൽ 15 ഓളം വീടുകൾ പൂർണ്ണമായി കത്തിനശിച്ചു. 10 മുതൽ 15 വരെ വീടുകൾ ഭാഗികമായി നശിച്ചു. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗുവാഹത്തിയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ബാഗ്ജാനിലെ എണ്ണ കിണറിൽ മെയ് 27 നാണ് പൊട്ടിത്തെറി ഉണ്ടായത്. തുടർന്ന് കഴിഞ്ഞ 16 ദിവസമായി വാതകം ചോർന്ന് കൊണ്ടിരിക്കുകാണ്. ഗ്യാസ് ചോർന്നതോടെ സമീപ പ്രദേശത്തെ തണ്ണീർത്തടങ്ങൾക്കും ജൈവവൈവിധ്യത്തിനും കനത്ത നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്. വ്യോമസേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വാതക ചോർച്ചയുണ്ടായപ്പോൾ മുതൽ ദേശീയ ദുരന്ത നിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.