ഭുവനേശ്വര്‍: യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ അധികൃതര്‍ ആശങ്കയില്‍. ക്ഷേത്രത്തിന്‍റെ പേരില്‍ 545 കോടി രൂപയാണ് യെസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ പേരില്‍ ഇത്രയും വലിയ തുക സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കുന്നത് നിയമലംഘനമാണെന്നും ക്ഷേത്രം ഭരണസമിതിയും അധികൃതരും ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ജഗന്നാഥ സേന കൺവീനർ പ്രിയദർശി പട്‌നായിക് പറഞ്ഞു. സ്വകാര്യ ബാങ്കിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണമാവശ്യപ്പെട്ട് പുരിയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
പുരി ജഗന്നാഥ ക്ഷേത്രത്തിന്‍റെ പേരില്‍ യെസ് ബാങ്കില്‍ 545 കോടി രൂപയുടെ നിക്ഷേപം - യെസ് ബാങ്ക്
ക്ഷേത്രത്തിന്‍റെ പേരില്‍ സ്വകാര്യ ബാങ്കിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ആവശ്യം
അതേസമയം യെസ് ബാങ്കിൽ നിന്നും ദേശസാൽകൃത ബാങ്കിലേക്ക് ഫണ്ടുകൾ കൈമാറാൻ സർക്കാർ ഇതിനകം തീരുമാനിച്ചതായി നിയമ മന്ത്രി പ്രതാപ് ജെന അറിയിച്ചു. ക്ഷേത്രത്തിന്‍റെ പേരിലുള്ള 626.44 കോടി രൂപയില്‍ 592 കോടി രൂപയും യെസ് ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ 545 കോടി രൂപ സ്ഥിര നിക്ഷേപമായിട്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. ബാക്കി 47 കോടി രൂപ ഫ്ലെക്‌സി അക്കൗണ്ടിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
ഇതിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് എംഎല്‍എ സുരേഷ് റോട്രേയ് അറിയിച്ചു. പണം തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി നേതാക്കളും ആവശ്യപ്പെട്ടു.