ഭുവനേശ്വർ: ട്രാൻസ്‌ജെൻഡർ അംഗങ്ങളെ സാമൂഹ്യക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഒഡീഷ സർക്കാർ തീരുമാനിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് പ്രതിമാസ പെൻഷൻ നൽകുമെന്ന് സർക്കാർ അറിയിച്ചു. വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള മധു ബാബു പെൻഷൻ യോജനയിൽ (എംബിപിവൈ) ട്രാൻസ്ജെന്‍ഡറുകളെ ഉൾപ്പെടുത്താനുള്ള നിർദേശത്തിന് മുഖ്യമന്ത്രി നവീൻ പട്നായിക് അംഗീകാരം നൽകി. അയ്യായിരത്തോളം ട്രാൻസ്‌ജെൻഡർമാർക്ക് അവരുടെ പ്രായത്തിനനുസരിച്ച് പ്രതിമാസം 500 മുതൽ 900 രൂപ വരെ പെൻഷൻ ലഭിക്കുമെന്ന് സാമൂഹിക സുരക്ഷ മന്ത്രി അശോക് പാണ്ട പറഞ്ഞു.
ട്രാൻസ്ജെൻഡറുകൾക്ക് പ്രതിമാസ പെൻഷൻ നൽകുമെന്ന് ഒഡീഷ സർക്കാർ - ഒഡീഷ സർക്കാർ
വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള മധു ബാബു പെൻഷൻ യോജനയിൽ (എംബിപിവൈ) ട്രാൻസ്ഡെൻഡറുകളെ ഉൾപ്പെടുത്താനുള്ള നിർദേശത്തിന് മുഖ്യമന്ത്രി നവീൻ പട്നായിക് അംഗീകാരം നൽകി.
2019ലെ അസംബ്ലി തെരഞ്ഞെടുപ്പിന് ബിജെഡിയുടെ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ കണക്കിലെടുത്താണ് സർക്കാരിന്‍റെ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. എംജിപിവൈയിൽ സ്വയം രജിസ്റ്റർ ചെയ്യുന്നതിന് ട്രാൻസ്‌ജെൻഡറുകൾ വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കണം.
സാമൂഹ്യക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തിയതിന് ട്രാൻസ്‌ജെൻഡർമാരുടെ അസോസിയേഷനുകൾ സംസ്ഥാന സർക്കാരിനെ പ്രശംസിച്ചു. മറ്റ് ചില സംസ്ഥാനങ്ങളും ഇത്തരം സാമൂഹ്യക്ഷേമ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കേരള സർക്കാരുകൾ നേരത്തെ പെൻഷൻ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് -19 പ്രതിസന്ധി കണക്കിലെടുത്ത് എംബിപിവൈ പദ്ധതി പ്രകാരം നിലവിലുള്ള 48 ലക്ഷം ഗുണഭോക്താക്കൾക്ക് 1,000 രൂപ വീതം അധിക സഹായം നൽകാനും ഒഡീഷ സർക്കാർ തീരുമാനിച്ചതായി പാണ്ട അറിയിച്ചു.