ഭുവനേശ്വർ: ഒഡീഷയിൽ ഇന്ന് ഒരു കൊവിഡ് മരണം. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണസംഖ്യ ആറായി. 74 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒഡീഷയിലെ ആകെ പോസിറ്റീവ് കേസുകൾ 1,052 ആയി ഉയർന്നു. ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലുണ്ടായിരുന്ന ഖോർദ സ്വദേശിയായ 70കാരനാണ് വൈറസിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കട്ടക്കിൽ നിന്നുള്ള ഒരു രോഗിയും എയിംസിൽ വച്ച് മരിച്ചു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുന്ന ആറ് മരണങ്ങളിൽ മൂന്നെണ്ണം ഖോർദ ജില്ലയിൽ നിന്നു തന്നെയാണ്. ശേഷിക്കുന്നവയിൽ രണ്ടു പേർ ഗഞ്ചം ജില്ലയിൽ നിന്നും ഒരാൾ കട്ടക്ക് ജില്ലയിൽ നിന്നുമാണ് ഉള്ളത്.
ഒഡീഷയിൽ കൊവിഡ് മരണം ആറായി
സംസ്ഥാനത്ത് 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,052 ആയി ഉയർന്നു. ഇതിൽ 739 സജീവ കേസുകളാണ് ഉള്ളത്
പുതുതായി റിപ്പോർട്ട് ചെയ്‌ത 74 കേസുകളിൽ 72 എണ്ണം നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ളവരാണ്. ബൗദ് ജില്ലയിൽ നിന്ന് 28 കേസുകളും പുരിയിൽ നിന്ന് 11 കേസുകളും കട്ടക്കിൽ നിന്ന് ഒമ്പത് കേസുകളുമാണ് പുതുതായി സ്ഥിരീകരിച്ചവയിൽ ഉൾപ്പെടുന്നത്. കൂടാതെ, ഖുറയിൽ നിന്ന് ഏഴു രോഗബാധിതരും ഗഞ്ചം ജില്ലയിൽ നിന്ന് ആറ് രോഗബാധിതരും ജജ്‌പൂറിൽ നിന്ന് ആറ് രോഗബാധിതരും ഉണ്ട്. കേന്ദ്രപാറ, മൽക്കംഗിരി ജില്ലകളിൽ നിന്ന് രണ്ട് വീതവും ബാലസോറിലും ധെങ്കനാലിലും കാന്ധമലിലും ഓരോ രോഗികളെ വീതവും കണ്ടെത്തിയിട്ടുണ്ട്. ഒഡീഷയിൽ 739 സജീവ കേസുകളാണ് ഉള്ളത്. 307 പേർ ഇതുവരെ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു.