ഭോപ്പാല്‍:മധ്യപ്രദേശിലെ മണ്ട്‌ലയില്‍ വിദ്യാര്‍ഥി സംഘടന നേതാവ് വെടിയേറ്റ് മരിച്ചു. സോനു പരോച്ചിയ (28) എന്നയാളാണ് കൊല്ലപ്പെട്ടത്. കോൺഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനയായ നാഷണൽ സ്റ്റുഡന്‍റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻഎസ്‌യുഐ) പ്രാദേശിക നേതാവായിരുന്നു ഇയാൾ. വെള്ളിയാഴ്‌ച അര്‍ധരാത്രി ബന്ധുവിന്‍റെ പിറന്നാൾ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെടിയേറ്റത്.
മധ്യപ്രദേശില്‍ എന്‍.എസ്.യുഐ നേതാവ് വെടിയേറ്റ് മരിച്ചു - എൻഎസ്‌യുഐ
എൻഎസ്‌യുഐ മണ്ട്ല ജില്ലാ യൂണിറ്റിന്‍റെ ജനറൽ സെക്രട്ടറിയായിരുന്നു സോനു പരോച്ചിയ.
മയൂർ ഹാപ്പി യാദവ് (30) എന്നയാളെ കൊലപാതകത്തിന് പിന്നിലെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് (എ.എസ്.പി) വിക്രം സിങ് കുശ്വാഹ പറഞ്ഞു. സോനു പരോച്ചിയയുടെ ബൈക്ക് മയൂറിന്‍റെ കാറിലിടിക്കുകയും തുടര്‍ന്ന് മയൂർ സോനുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
എൻഎസ്‌യുഐ മണ്ട്ല ജില്ലാ യൂണിറ്റിന്‍റെ ജനറൽ സെക്രട്ടറിയായിരുന്നു സോനു പരോച്ചിയ. പ്രതി ജബൽപൂർ സ്വദേശിയാണ്. അതേസമയം കഴിഞ്ഞ ആറ് വർഷമായി ഇയാൾ മണ്ട്ലയിലാണ് താമസിക്കുന്നത്. ഇയാൾക്കെതിരെ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് എൻഎസ്‌യുഐ ജില്ലാ പ്രസിഡന്‍റ് അഖിലേഷ് താക്കൂര്‍ പറഞ്ഞു. പ്രതിയെ പിടികൂടാനായി തെരച്ചില്‍ നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.