ന്യൂഡൽഹി: കഴിഞ്ഞ ദിവസം നിർമിച്ച 1,500 സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പടെ ലോക്ക് ഡൗണിൽ ഉത്തര റെയിൽവേ 10,000 പിപിഇ കിറ്റുകളാണ് ആരോഗ്യപ്രവർത്തകർക്കായി സംഭാവന ചെയ്‌തത്. കൊവിഡിനെതിരെ പോരാട്ടം നടത്തുന്ന ഡോക്‌ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആവശ്യമായ പിപിഇ കിറ്റുകൾ നിർമിക്കുന്നതിന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യിൽ നിന്നും ഉത്തര റെയിൽവേ അനുമതി നേടിയിരുന്നു. ഈ മാസം അഞ്ചിന് ഡിആർഡിഒ നടത്തിയ പരിശോധനയിൽ സുരക്ഷാ ഉപകരണങ്ങൾ നിർമിക്കാൻ ജഗാധ്രി റെയിൽവേക്ക് അനുമതി ലഭിച്ചു. തുടർന്ന് കൽക്കാ നിർമാണശാലയോടൊപ്പം ചേർന്ന് ജഗാധ്രി നിർമിച്ചത് 6,472 പിപിഇ കിറ്റുകളാണ്. ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ 10,000 ഉപകരണങ്ങൾ ഉത്തരറെയിൽവേ ഉൽപാദിപ്പിച്ചപ്പോൾ മറ്റ് മേഖലാ റെയിൽവേകളെല്ലാം ചേർന്ന് 20,000 സുരക്ഷാ ഉപകരണങ്ങളും നിർമിച്ചു.
ഒരു ദിവസം കൊണ്ട് 1,500 പിപിഇ കിറ്റുകൾ; കൊവിഡ് പോരാട്ടത്തിൽ ഉത്തര റെയിൽവേ
കൊവിഡിനെതിരെ പോരാട്ടം നടത്തുന്ന ഡോക്‌ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും വേണ്ടി ഇതുവരെ 10,000 പിപിഇ കിറ്റുകളാണ് ഉത്തര റെയിൽവേ നിർമിച്ചത്.
ഉത്തര റെയിൽവേ
മെയ് അവസാനത്തോടെ 1.30 ലക്ഷം പിപിഇ കിറ്റുകൾ നിർമിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം. ഇതിനു പുറമെ, 5,917 ലിറ്റർ സാനിറ്റൈസറുകളും 46,373 മാസ്‌കുകളും ഉത്തര റെയിൽവേയുടെ നിർമാണശാലയിൽ നിന്നും ഉൽപാദിപ്പിച്ചിട്ടുണ്ട്. 540 കോച്ചുകളെ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിക്കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ റെയിൽവേയും പങ്കാളിയായിരുന്നു.