ന്യൂഡൽഹി: ഉത്തരകൊറിയൻ ഹാക്കർമാർ ഇന്ത്യയെ ആക്രമിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഹാക്കർമാർ സൈബർ ആക്രമണം നടത്താൻ സാധ്യതയുള്ള ആറ് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഇന്ത്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഹാക്കർമാരുടെ പ്രധാന ലക്ഷ്യം. ഈ രാജ്യങ്ങളിലെ ചെറുകിട, വൻകിട സംരംഭങ്ങൾ ഉൾപ്പെടെ 50 ലക്ഷത്തിലധികം വ്യവസായ സ്ഥാപനങ്ങളെയും, വ്യക്തികളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുക എന്നാണ് വിവരം.
ഉത്തരകൊറിയൻ ഹാക്കിംഗ്; ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങൾക്ക് ഭീഷണി - ആറ് രാജ്യങ്ങൾക്ക് ഭീഷണി
ഇന്ത്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഹാക്കർമാരുടെ പ്രധാന ലക്ഷ്യം. ഈ രാജ്യങ്ങളിലെ ചെറുകിട, വൻകിട സംരംഭങ്ങൾ ഉൾപ്പെടെ 50 ലക്ഷത്തിലധികം വ്യവസായ സ്ഥാപനങ്ങളെയും, വ്യക്തികളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുക എന്നാണ് വിവരം.
ഹാക്കർമാർ ലക്ഷ്യം വെച്ച ഇ-മെയിൽ ഉടമകളോട് വ്യാജ വെബ്‌സൈറ്റുകൾ സന്ദർശിക്കാൻ ആവശ്യപ്പെടുകയും, അവരുടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജപ്പാനിൽ 11 ലക്ഷം വ്യക്തിഗത ഇ-മെയിൽ ഐഡികളുടെയും, ഇന്ത്യയിൽ 20 ലക്ഷം പേരുടെയും, യുകെയിൽ 180,000 സാമ്പത്തിക ഇടപാടുകളെക്കുറിച്ചും, സിംഗപ്പൂരിലെ 8,000 സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഹാക്കർമാർ നേടിയെന്ന് അവകാശപ്പെടുന്നു. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ, അമേരിക്ക, യുകെ എന്നിവിടങ്ങളിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനെ വിവരം അറിയിച്ചിട്ടുണ്ടെന്ന് സൈഫിർമയുടെ സ്ഥാപകനും സിഇഒയുമായ കുമാർ റിതേഷ് അറിയിച്ചു.
ആറ് രാജ്യങ്ങളിലെയും ഏജൻസികൾ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ആറ് മാസമായി കൊവിഡുമായി ബന്ധപ്പെട്ട ഹാക്കിംഗ് പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് റിതേഷ് പറഞ്ഞു. ഉത്തരകൊറിയയുടെ പ്രാഥമിക രഹസ്യാന്വേഷണ ബ്യൂറോയായ റീകണൈസൻസ് ജനറൽ ബ്യൂറോ നേതൃത്വം നല്‍കുന്ന ലേസറസ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. 2014 ലെ സോണി പിക്ചേഴ്‌സ് എന്‍റർടെയ്‌ൻമെന്‍റിനെതിരായ സൈബർ ആക്രമണത്തിനും, അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 2017ൽ നടത്തിയ വാന്നാ ക്രൈ റാൻസംവെയർ ആക്രമണത്തിനു പിന്നിലും ലേസറസ് ഗ്രൂപ്പാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലെ എടിഎം ഉപഭോക്താക്കളുടെ കാർഡ് വിവരം മോഷ്‌ടിക്കുന്നതിന് ഉണ്ടാക്കിയ പ്രോഗ്രാമുകൾക്ക് പിന്നിലും ലേസറസ് ഗ്രൂപ്പാണെന്ന് കാസ്പെർസ്‌കി സുരക്ഷാ ഗവേഷകർ കണ്ടെത്തിയിരുന്നു.