ലക്‌നൗ/പട്ന: 25 കൊല്ലത്തിനിടയിലെ ഏറ്റവും ശക്തമായ മണ്‍സൂണ്‍ മഴയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതി തുടരുകയാണ്. പ്രളയം സര്‍വനാശം വിതച്ച ബീഹാറിലും മധ്യപ്രദേശിലുമായി മരണം 140 കടന്നു. ഉത്തര്‍പ്രദേശില്‍ ഒരാഴ്ച്ചക്കിടെ മഴക്കെടുതിയില്‍ 111 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബീഹാറില്‍ മരണ സംഖ്യ 29 ആയി ഉയര്‍ന്നു. മറ്റ് സംസ്ഥാനങ്ങളിലും മരണസംഖ്യ ഉയരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ബീഹാര്‍ തലസ്ഥാനമായ പട്നയില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. സ്ത്രീകളും കുട്ടികളുമടക്കം നാലായിരത്തോളം പേരെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴിപ്പിച്ചു. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ദിവസങ്ങളായി വെള്ളത്തിനടിയിലാണ്. പൊതുഗതാഗത സംവിധാനങ്ങളും അവശ്യസേവനങ്ങളും പൂര്‍ണമായും തടസപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും വീടുകളുമെല്ലാം വെള്ളത്തിനടിയിലാണ്. പലയിടത്തും റോഡുകള്‍ ഒലിച്ചു പോയി. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണ വിതരണത്തിനടക്കം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. റോഡ് മാര്‍ഗം എത്താനാകാത്ത മേഖലകളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ ബീഹാര്‍ സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. മുന്നൂറോളം ദുരന്ത നിവാരണ സേനാംഗങ്ങളാണ് പട്നാ നഗരത്തില്‍ മാത്രം രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗംഗ, കോസ്, ഗാണ്‍ടക്ക്, ബാഗ്മതി നദികളിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.