വൈറൽ ചിത്രങ്ങൾ വ്യാജം; പ്രതിപക്ഷ നേതാക്കൾ ഇമ്രാൻഖാനെ കാത്തിരുന്നിട്ടില്ല - ഇമ്രാൻഖാൻ
ഗൂഗിൾ റിവേഴ്സ് ഇമേജ് നടത്തിയ തിരച്ചിലിലാണ് പ്രതിപക്ഷ നേതാക്കൾ പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നുവെന്ന തരത്തില്‍ പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞത്.

പ്രതിപക്ഷ നേതാക്കൾ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാനെ സന്ദർശിച്ചെന്ന തരത്തിൽ പ്രചരിച്ച ചിത്രങ്ങൾ വ്യാജമെന്ന് തെളിഞ്ഞു. ഇമ്രാൻഖാൻ പാക് ആർമി ചീഫ് ഖമർ ജാവേദ് ബാജ്വായുമായി ചർച്ച നടത്തുമ്പോൾ അതിന് സമീപം രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി നവ്ജ്യോത് സിങ് സിദ്ദു, ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ കാത്തിരിക്കുന്ന തരത്തിലുള്ള ചിത്രം ഏപ്രില്‍ ഏഴിനാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്. "കോൺഗ്രസിന് വോട്ടു ചെയ്താൽ നിങ്ങൾ പാകിസ്ഥാന് വോട്ടുചെയ്യുകയാണ്. ചിത്രം ശ്രദ്ധിക്കൂ പാകിസ്ഥാന്‍റെ അടിമകൾ മുറിയിൽ കാത്തിരിക്കുന്നു " എന്ന തലക്കെട്ടോടെ കർണ്ണാടക സ്വദേശി ദേവ്രാജ് കൊട്ടല എന്നയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രമാണ് ഗൂഗിൾ റിവേഴ്സ് ഇമേജ് നടത്തിയ തെരച്ചിലിൽ വ്യാജമാണെന്ന് തെളിഞ്ഞത്. ഏപ്രിൽ നാലിന് പാകിസ്ഥാന്‍റെ ഔദ്യാഗിക വെബ്സൈറ്റ് പുറത്തുവിട്ട ചിത്രം എഡിറ്റ് ചെയ്താണ് വ്യാജ ചിത്രം പ്രചരിപ്പിച്ചത്. ഇമ്രാൻഖാൻ നിരവധി മുതിർന്ന ഉദ്യോഗസ്ഥരുമായി ഇതേ മുറിയിൽ ചർച്ച നടത്തുന്നതായും കാണാം. മാത്രമല്ല, ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനായി രാഹുൽ ഗാന്ധി കേരളത്തിലായിരുന്നു എന്നതും ചിത്രം വ്യാജമാണെന്നത് ഉറപ്പിക്കുന്നു.