പാട്‌ന: ദേശീയ പൗരത്വ രജിസ്റ്റർ ബിഹാറിൽ നടപ്പാക്കില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അസമിന് വേണ്ടിയാണ് പൗരത്വ രജിസ്റ്റർ. അത് ബിഹാറിൽ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി തന്നെ ഇതിൽ വ്യക്തത വരുത്തിയതാണെന്നും നിതീഷ് കുമാർ നിയമസഭയിൽ പറഞ്ഞു. 2014 ൽ അധികാരമേറ്റ ശേഷം കേന്ദ്ര സർക്കാർ എൻആർസിയെക്കുറിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും നിതീഷ് പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്റർ ബിഹാറിൽ നടപ്പാക്കില്ലെന്ന് നിതീഷ് കുമാർ
പൗരത്വ ഭേദഗതി നിയമത്തിൽ ചര്‍ച്ചയാകാമെന്നും എന്നാൽ പൗരത്വ രജിസ്റ്റർ അസമിന് വേണ്ടിയാണെന്നും ബിഹാർ മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞു
പൗരത്വ ഭേദഗതി നിയമത്തിൽ ചര്‍ച്ച വേണം. എന്നാല്‍ പൗരത്വ രജിസ്റ്ററിന് ഒരു ന്യായീകരണവുമില്ലെന്നും അത് ബിഹാറില്‍ നടപ്പാക്കേണ്ടെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. അതേസമയം പാർലമെന്‍റില്‍ ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ ജെഡിയുവിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. സംഭവത്തിൽ ജെഡിയു വൈസ് പ്രസിഡന്‍റ് പ്രശാന്ത് കിഷോർ ഇടഞ്ഞതോടെ സംസ്ഥാനത്ത് എൻആർസി നടപ്പാക്കില്ലെന്ന് നിതീഷ് കുമാർ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലും (സിഎഎ) എൻആർസിയിലും കോൺഗ്രസ് നടത്തിയ ഇടപെടലിൽ നന്ദി അറിയിച്ച് ജെഡിയു വൈസ് പ്രസിഡന്‍റ് പ്രശാന്ത് കിഷോർ രംഗത്തെത്തിയിരുന്നു.