റാഞ്ചി:രാജ്യം മുഴുവൻ കൊവിഡ് 19നെ കുറിച്ചുള്ള ആശങ്കയിലും മുൻകരുതലിലുമിരിക്കുമ്പോൾ ഇതുവരെ ഒരു പോസിറ്റീവ് കേസും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന ആശ്വാസത്തിലാണ് ജാർഖണ്ഡ്. അതേസമയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്‍റെ കീഴിൽ കൊവിഡിനെതിരെ അതീവ ജാഗ്രതയിലുമാണ് സംസ്ഥാനം. ഇതുവരെ 93 പേരുടെ രക്തസാമ്പിളുകൾ പരിശോധനയക്ക് അയച്ചതിൽ 85 പേരുടെയും ഫലം നെഗറ്റീവാണ്. ശേഷിക്കുന്ന അഞ്ച് സാമ്പിളുകളുടെ ഫലം ഇനിയും വരാനുണ്ട്.
ജാർഖണ്ഡിൽ ഇതുവരെ കൊവിഡ് കേസുകളില്ല - nitin kulkarni
ഇതുവരെയും ഒരു പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും 21 ദിവസത്തെ ലോക്ക് ഡൗണുമായി പൂർണമായും സംസ്ഥാനം സഹകരിക്കുന്നുണ്ട്.

സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ. നിതിൻ കുൽക്കർണി അറിയിച്ചത് പ്രകാരം നിരീക്ഷണത്തിലുള്ളവർക്ക് വേണ്ടി 1,469 കിടക്കകളും 557 ഐസോലേഷൻ കിടക്കകളും മുൻകൂട്ടി ഒരുക്കിയിട്ടുണ്ട്. ഗ്രാമങ്ങളിൽ പനി ബാധിച്ചവരുടെ പുറത്തേക്കുള്ള യാത്രയെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കൊവിഡ് പരിശോധനയ്‌ക്കുള്ള സജ്ജീകരണമൊരുക്കിയതായും ആരോഗ്യ സെക്രട്ടറി അറിയിച്ചു. ഇതുവരെ കൊൽക്കത്തയിലാണ് പരിശോധനയ്‌ക്കായി രക്തസാമ്പിളുകൾ അയച്ചിരുന്നത്.