പാക് കസ്റ്റഡിയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ ശരീരത്ത് രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. എംആർഐ സ്കാനിങ്ങിൽ മറ്റ് പരിക്കുകളൊന്നും കണ്ടെത്താനായിട്ടില്ല. അതേസമയം സ്കാനിങ്ങിൽ നട്ടെല്ലിന്‍റെ താഴ്ഭാഗത്ത് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. വിമാനം തകർന്ന് താഴേക്ക് ചാടിയ സമയത്തുണ്ടായതാണ് പരിക്കെന്നാണ് സൂചന.
അഭിനന്ദൻ വർധമാന്‍റെ ശരീരത്ത് രഹസ്യ ഉപകരണങ്ങളൊന്നും ഇല്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട് - ഇന്ത്യ
സ്കാനിങ്ങിൽ നട്ടെല്ലിന്‍റെ താഴ്ഭാഗത്ത് പരിക്കേറ്റതായി കണ്ടെത്തി. വിമാനം തകർന്ന് താഴേക്ക് ചാടിയ സമയത്തുണ്ടായതാണ് പരിക്കെന്നാണ് സൂചന.
പാക് അധീന കശ്മീരിൽ വീണ അഭിനന്ദന് പ്രദേശവാസികളുടെ മർദ്ദനമേറ്റതിലും പരിക്കുകളുണ്ട്. പരിക്കുകളും ശാരീരിക ബുദ്ധിമുട്ടുകളും കണ്ടെത്തി കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ഡൽഹി കൻഡോമെന്‍റിലെ റിസേർച്ച് ആൻഡ് റഫറൽ ആശുപത്രിയിലേക്ക് മാറ്റുമെന്നും റിപ്പോർട്ട്. എന്നാൽശാരീരിക പീഡനങ്ങളല്ല മാനസിക പീഡനമാണ് പാകിസ്ഥാന്‍റെ കസ്റ്റഡിയിൽ നിന്നും നേരിട്ടതെന്നായിരുന്നു അഭിനന്ദന്‍റെ പ്രതികരണം. ഇന്നലെ പ്രതിരോധമന്ത്രി നിർമല സീതാരാമനുമായും വ്യോമസേനാ മേധാവി ബി എസ് ധനോവയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഫെബ്രുവരി 27 നാണ് അതിർത്തിയിൽ കടന്നെത്തിയ പാക് പോർ വിമാനമായ എഫ്-16 നെ വിജയകരമായി തുരത്തിയോടിച്ച അഭിനന്ദന്‍റെ മിഗ്-21 ഒടുവിൽ തകർന്നു വീഴുകയായിരുന്നു. പാരച്യൂട്ട് വഴി പാക് അതിർത്തിക്കുള്ളിൽ ഇറങ്ങിയ അഭിനന്ദനെ പാക് സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാക് സൈന്യത്തിന്‍റെ കസ്റ്റഡിയിലായ അഭിനന്ദനെ പിന്നീട് ഇന്ത്യയുടെയും ലോകരാജ്യങ്ങളുടെയും സമ്മർദ്ദഫലമായി വിട്ടുനൽകാൻ പാകിസ്ഥാൻ തീരുമാനിക്കുകയായിരുന്നു. അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന സന്ദേശമായാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.