പാറ്റ്ന: ഗംഗാ നദിയുടെ പുനരുജ്ജീവനത്തിനായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സന്യാസിനി സദ്‌വി പത്മാവതി നടത്തുന്ന നിരാഹാര സമരത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ ക്ഷണിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. ഗംഗാ പുനരുജ്ജീവനത്തിന് ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി സന്യാസിനി ഹരിദ്വാറില്‍ നിരാഹാര സമരം നടത്തുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് നിതീഷ് കുമാര്‍ കത്തെഴുതിയത്.
സന്യാസിനിയുടെ നിരാഹാരസമരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ബീഹാര്‍ മുഖ്യമന്ത്രി - നിതീഷ് കുമാർ
ഗംഗാ പുനരുജ്ജീവനത്തിന് ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി സദ്‌വി പത്മാവതി നിരാഹാര സമരം നടത്തുകയാണ്.
നിരാഹാര സമരം നടത്തുന്ന നളന്ദ സ്വദേശിയായ സദ്‌വി പത്മാവതിയുടെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്ന കാര്യവും കത്തില്‍ നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 2019 ഡിസംബർ 15 മുതൽ സദ്‌വി പത്മാവതി ഹരിദ്വാറിൽ നിരാഹാര സമരം നടത്തുകയാണ്. ഗംഗയുടെ പുനരുജ്ജീവനത്തിനായി ശക്തമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും സദ്‌വി പത്മാവതിയുടെ നിരാഹാര സമരം അവസാനിപ്പിക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
കാൻപൂരില്‍ കഴിഞ്ഞ മാസം നടന്ന ദേശീയ ഗംഗ കൗൺസിലിന്‍റെ ആദ്യ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായിരുന്നു. ഗംഗാ നദിയുടെ പുനരുജ്ജീവിപ്പിക്കൽ കോര്‍പ്പറേറ്റീവ് ഫെഡറലിസത്തിന്‍റെ തിളക്കമാർന്ന ഉദാഹരണമായിരിക്കണമെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. 2015-20 കാലയളവിൽ ഗംഗ നദിയുടെ പുനരുജ്ജീവനത്തിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ ഗംഗ നദിയുടെ തടസമില്ലാത്തതുമായ ഒഴുക്ക് ഉറപ്പാക്കാനായി 20,000 കോടി രൂപയുടെ പദ്ധതികൾ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്‌തിട്ടുണ്ട്.