ന്യൂഡല്‍ഹി: രാജ്യത്ത് കയറ്റുമതി രംഗം വലിയ തകര്‍ച്ചയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിശദീകരിക്കുന്നത്. 2019 ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം കയറ്റുമതി ആറ് ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.
സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കയറ്റുമതി രംഗം ശക്തിപ്പെടുത്തുന്നതിനായി ആര്‍ബിഐ 68,0000 കോടി അനുവദിക്കുമെന്നാണ് മന്ത്രി വിശദീകരിച്ചിരിക്കുന്നത്. കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ ഇളവ് കൊണ്ടുവരും. ഇന്ത്യയില്‍ നിന്നുള്ള എല്ലാ ചരക്ക് കയറ്റുമതി പദ്ധതിക്കും 2020 ജനുവരി ഒന്നു മുതല്‍ ഇത് ബാധകമാകും.
കയറ്റുമതി രംഗത്തെ സാങ്കേതിക സംവിധാനം മെച്ചപ്പെടുത്തും. കയറ്റുമതിക്കാര്‍ക്ക് വായ്‌പ നല്‍കുന്ന ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. സര്‍ക്കാരിന് പ്രതിവര്‍ഷം 1700 കോടി രൂപയുടെ ബാധ്യത ഇതുണ്ടാക്കും. കയറ്റുമതിക്കാര്‍ക്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കും. കയറ്റുമതിക്കാര്‍ക്ക് 50,000 കോടി രൂപയുടെ നേട്ടമുണ്ടാകും. കയറ്റുമതിക്കുള്ള സര്‍ക്കാര്‍ അംഗീകാരത്തിനുള്ള സമയ പരിധി കുറക്കും. രാജ്യാന്തര നിലവാരത്തിലുള്ള ബെഞ്ച് മാര്‍ക്ക് 2019 ഡിസംബറോടെ നടപ്പാക്കും. മന്ത്രിതല സമിതികള്‍ ഇവ നിരീക്ഷിക്കും. നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകളിലെ ആനുകൂല്യങ്ങള്‍ ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്ക് പ്രയോജന പ്രദമാക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. എല്ലാ കരകൗശല കയറ്റുമതിക്കാരെയും ഇ കൊമേഴ്സ് ഫ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരും. കൊച്ചി തുറമുഖം വളരെ വേഗത്തില്‍ കയറ്റുമതി നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് എടുത്തു പറയുകയും ചെയ്തു മന്ത്രി.
കയറ്റുമതിയില്‍ വലിയ പങ്ക് വഹിക്കുന്ന ടെക്‌സ്റ്റൈല്‍ മേഖല ത്വരിതപ്പെടുത്തുന്നതിനായി നികുതി ഘടനയില്‍ തന്നെ മാറ്റം വരുത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ടെക്‌സ്റ്റൈല്‍ മേഖലയിലെ നികുതി ഘടന ഡിസംബര്‍ 31 വരെയാണ് . ഇതിലാണ് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിലൂടെ 50000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. മാത്രവുമല്ല ദുബായ് മാതൃകയില്‍ രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്താനും തീരുമാനമുണ്ടെന്നും വ്യക്തമാക്കുന്നു. ഇതിലൂടെ തുകല്‍, ടൂറിസം, യോഗം, തുടങ്ങിയ മേഖലകള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാനാകും. കൈത്തറി മേഖലയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇ-കൊമേഴ്‌സില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തും. ചെറുകിട വന്‍കിട ഉല്‍പ്പാദകരെ ഇതില്‍ പങ്കെടുപ്പിക്കാനും തീരുമാനമുള്ളതായി മന്ത്രി വ്യക്തമാക്കുന്നു.
ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെയുള്ള കണക്ക് പ്രകാരം കയറ്റുമതിയില്‍ 6.5 ശതമാനം കുറഞ്ഞ് 2613 കോടി ഡോളറില്‍ എത്തി. ഇറക്കുമതി 13.45 ശതമാനം താഴ്‌ന്ന് 3958 കോടി ഡോളറായി. ഇതോടെ വ്യാപാര കമ്മി 1345 കോടി ഡോളറായി ചുരുങ്ങി. സ്വര്‍ണ കയറ്റുമതിയിലും വലിയ ഇടിവാണുണ്ടായത്. 62.49 ശതമാനം ഇടിഞ്ഞ് 136 കോടി ഡോളറായി.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്നും കയറ്റുമതി രംഗം വലിയ പ്രതിസന്ധിയിലാണെന്നും മന്‍മോഹന്‍ സിങ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാരിന് ചില നിര്‍ദേശങ്ങളും മന്‍മോഹന്‍ സിങ് നല്‍കിയിരുന്നു. അതില്‍ പ്രധാനപ്പെട്ടത് കയറ്റുമതി രംഗത്തെ തകര്‍ച്ചയെക്കുറിച്ചായിരുന്നു. കയറ്റുമതി ത്വരിതപ്പെടുത്തുകയും ഇറക്കുമതി കുറക്കുകയും ചെയ്തില്ലെങ്കില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കിയിരുന്നു.