ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 1.70 ലക്ഷം കോടി രൂപയുടെ പാക്കേജാണ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന മുഖാന്തരം 80 കോടി പാവപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. ഭക്ഷ്യധാന്യ വിതരണം, ഇൻഷുറൻസ് എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. മൂന്ന് മാസത്തേക്ക് അഞ്ച് കിലോ അരിയും ഗോതമ്പും ലഭിക്കും. നിലവിൽ ലഭിക്കുന്നതിന് പുറമെയാണിത്. ഒരു കിലോ പരിപ്പ് മൂന്ന് മാസത്തേക്ക് സൗജന്യമാണ്. ഭക്ഷ്യധാന്യങ്ങൾ രണ്ട് ഘട്ടമായി വാങ്ങാം.
1.70ലക്ഷം കോടിയുടെ പാക്കേജ്; പാവങ്ങൾക്ക് അഞ്ച് കിലോ സൗജന്യ അരി - പ്രത്യേക സാമ്പത്തിക പാക്കേജ്
80 കോടി പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്ന 1.7 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ബിപിഎല്‍ കുടുംബങ്ങൾക്ക് മൂന്ന് മാസം എല്‍പിജി സിലിണ്ടർ സൗജന്യം. 20 കോടി സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ട് വഴി 1500 രൂപ. പ്രധാൻ മന്ത്രി ഗരീബ് യോജന പ്രഖ്യാപിച്ചു. ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് നിർമല സീതാരാമൻ.
ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷത്തിന്‍റെ ഇൻഷുറൻസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശ വർക്കർമാർ ഉൾപ്പെടെ 20 ലക്ഷം ജീവനക്കാർ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുന്നു. ദിവസ വേതനക്കാർക്കും സഹായം ലഭിക്കും. കൂടാതെ 8.69 കോടി കർഷകർക്ക് 2000 രൂപ ഉടൻ നൽകും. കിസാൻ സമ്മാൻ പദ്ധതിയുടെ ആദ്യഗഡു നൽകും.
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 181 രൂപയിൽ നിന്ന് 202 രൂപയാക്കി വർധിപ്പിച്ചു. വനിതകൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിന്‍റെ ഭാഗമായി ജൻധൻ അക്കൗണ്ടുള്ള വനിതകൾക്ക് 1500 രൂപ നൽകും. ഉജ്ജ്വല പദ്ധതിയിലുള്ളവർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ എൽപിജി ലഭിക്കും. വനിത സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം രൂപ വായ്‌പ നൽകും. നൂറിൽ താഴെ ജീവനക്കാരുള്ള കമ്പനികളിൽ ഇപിഎഫിലെ 75 ശതമാനം തുകയോ മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ സർക്കാർ അടക്കുമെന്നും കേന്ദ്രം പ്രഖ്യാപിച്ചു.